കൊച്ചി: കരൾ മാറ്റിവെക്കണമെന്ന ആദ്യ കണ്ടെത്തലിൽ പകച്ചുപോയ മാതാപിതാക്കൾക്ക് ആശ്വാസമായി നാലുവയസ്സുകാരൻ ഇമ്മാനുവേൽ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആലപ്പുഴ സ്വദേശികളായ കെന്നഡിയുടെയും മേരി ജോസഫിന്റെയും മകനാണ് ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ചികിത്സയിലൂടെ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ചത്.
സാധാരണ പനിയായാണ് തുടക്കമെങ്കിലും പാരസെറ്റമോൾ നൽകിയിട്ടും കുറയാതെ വന്നതോടെയാണ് മാതാപിതാക്കൾ വിദഗ്ധ പരിശോധന തേടിയത്. കരൾ പണിമുടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പരിശോധനകളിൽ ലഭിച്ചത്. പനി കൂടിയതോടെ കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഓരോന്നായി തകരാറിലായി. ആലപ്പുഴയിലെ ആശുപത്രിയിൽ നിന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടതോടെ പെയിന്റിംഗ് തൊഴിലാളിയായ കെന്നഡിയും കുടുംബവും തകർന്നുപോയി.
അബോധാവസ്ഥയിലായ കുട്ടിയെ ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. ഡേവിഡ്സൺ ദേവസ്യ നടത്തിയ പരിശോധനയിൽ രോഗാവസ്ഥയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. കുട്ടിക്ക് കരൾ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നും, മറിച്ച് തലച്ചോറിനെ ബാധിക്കുന്ന ‘ഇൻഫെക്ഷൻ ട്രിഗർഡ് എൻസെഫലോപ്പതി’ എന്ന അപൂർവ്വാവസ്ഥയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. രക്തപരിശോധനയിൽ കരൾ പരാജയമാണെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥ പ്രശ്നം തലച്ചോറിലായിരുന്നു.
കൃത്യസമയത്ത് എംആർഐ, ഇഇജി പരിശോധനകളിലൂടെ രോഗം തിരിച്ചറിഞ്ഞത് കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായി. പീഡിയാട്രിക് ഐസിയു കൺസൾട്ടന്റ് ഡോ. സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തോളം നൽകിയ തീവ്രപരിചരണത്തിനൊടുവിൽ ഇമ്മാനുവേൽ ആരോഗ്യം വീണ്ടെടുത്തു. ശസ്ത്രക്രിയ കൂടാതെ തന്നെ മരുന്നുകളിലൂടെ കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. തുടർച്ചയായുണ്ടായിരുന്ന അപസ്മാരവും നിയന്ത്രണവിധേയമായി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ മകൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കുടുംബത്തിന് പുനർജന്മമായി.
