കൊച്ചി: വേനലവധി ആഘോഷങ്ങൾക്കിടെ നാടിനെ നടുക്കി ജലാശയങ്ങളിലെ അപകടമരണങ്ങൾ വർധിക്കുന്നു. മുൻപരിചയമില്ലാത്ത പുഴകളിലും കടവുകളിലും ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്ന വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. അഗ്നിരക്ഷാസേനയുടെ കണക്കുകൾ പ്രകാരം ഈ വർഷം മാത്രം ജില്ലയിലെ വിവിധ ജലാശയങ്ങളിലായി 52 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്നത് വേദനയുടെ ആഴം കൂട്ടുന്നു.
കഴിഞ്ഞ ഞായറാഴ്ച കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ഡെന്റൽ കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ ദുരന്തം. ഏപ്രിൽ 28-ന് അശമന്നൂർ പെരിയാർവാലി കനാലിൽ മൂന്ന് നഴ്സിങ് വിദ്യാർഥികൾ മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപേയാണ് വീണ്ടും ദുരന്തവാർത്തയെത്തിയത്. ബന്ധുവീടുകളിൽ അവധി ആഘോഷിക്കാനെത്തുന്നവരും വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരുമാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.
വേനൽക്കാലത്ത് പുഴകളിൽ ജലനിരപ്പ് കുറവാണെന്ന ധാരണയിൽ നീന്തൽ അറിയാത്തവർ പോലും വെള്ളത്തിലിറങ്ങുന്നതാണ് അപകടത്തിന് പ്രധാന കാരണം. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും ചെളിയിൽ പൂഴ്ന്നുപോകുന്നതും അപ്രതീക്ഷിതമായ ചുഴികളും അടിയൊഴുക്കുകളും പാറക്കെട്ടുകളിലെ വഴുക്കലും മരണക്കെണിയായി മാറുന്നുണ്ടെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
സുരക്ഷയ്ക്കായി നീന്തൽക്കുളം അഗ്നിരക്ഷാസേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കും ശാസ്ത്രീയമായ നീന്തൽ പരിശീലനം നൽകുന്നതിനായി ഗാന്ധിനഗറിൽ നീന്തൽക്കുളം ഒരുങ്ങുകയാണ്. എംഎൽഎ ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ ചെലവഴിച്ച് സ്പോർട്സ് കേരളയുടെ മേൽനോട്ടത്തിലാണ് 20 മീറ്റർ നീളമുള്ള സ്വിമ്മിങ് പൂളിന്റെ നിർമാണം പുരോഗമിക്കുന്നത്.
ജാഗ്രത പാലിക്കാം:
- നീന്തൽ വശമില്ലാത്തവർ ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്.
- നീന്തൽ അറിയുന്നവരാണെങ്കിലും പരിചയമില്ലാത്ത സ്ഥലങ്ങളിൽ സാഹസത്തിന് മുതിരരുത്.
- കുട്ടികളെ മുതിർന്നവരുടെ സാന്നിധ്യമില്ലാതെ പുഴകളിലോ കുളങ്ങളിലോ വിടരുത്.
- ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ അപസ്മാരമോ ഉള്ളവർ വെള്ളത്തിലിറങ്ങുന്നത് ഒഴിവാക്കുക.
- അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുക. കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലിറങ്ങുക.
