കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ജനവിധിയിലൂടെ അധികാരത്തിലേറുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും കോൺഗ്രസ് നേതൃത്വത്തിനും ആശംസകളുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഭരണകാലയളവിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ നടത്തിയ മികച്ച ജനകീയ ഇടപെടലുകളും രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങളും ഘടകകക്ഷികളുടെ ഒറ്റക്കെട്ടായ പ്രവർത്തനവുമാണ് യുഡിഎഫിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വിലയിരുത്തി.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടുള്ള വലിയ പ്രാധാന്യം അങ്ങേയറ്റം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണെന്ന് ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കിടക്ക എന്നത് ഒരു നിയമപരമായ അവകാശമാക്കി മാറ്റുമെന്ന പ്രഖ്യാപനവും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി ഷീ ഹോസ്പിറ്റലുകൾ സ്ഥാപിക്കാനുള്ള തീരുമാനവും കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശാ വർക്കർമാരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് അവരുടെ വേതനം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഈ വാഗ്ദാനങ്ങളെല്ലാം വിജയകരമായി നടപ്പിലാക്കാനും കേരളത്തിന്റെ ആരോഗ്യ-സാമൂഹിക മേഖലകളിൽ പുതിയൊരു മുന്നേറ്റം കൊണ്ടുവരാനും അധികാരത്തിലേറാൻ പോകുന്ന യുഡിഎഫ് സർക്കാരിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെ കൂടുതൽ മികവിലേക്ക് നയിക്കുന്നതിനുള്ള പുതിയ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
