Home » കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ഉടൻ; യാത്രാനിരക്കിൽ വൻ ഇളവിന് സാധ്യത

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ഉടൻ; യാത്രാനിരക്കിൽ വൻ ഇളവിന് സാധ്യത

കൊച്ചി: വിനോദസഞ്ചാര മേഖലയ്ക്കും യാത്രാസൗകര്യങ്ങൾക്കും പുത്തൻ ഉണർവേകിക്കൊണ്ട് കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസുകൾ ഉടൻ ആരംഭിക്കുന്നു. സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യ സർവീസ് നടത്താൻ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.

നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 12,000 രൂപയാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയിൽ സർവീസിനെ ഉൾപ്പെടുത്തിയാൽ നിരക്കിൽ വൻ ഇളവ് ലഭിക്കും. പദ്ധതിയുടെ ഭാഗമായാൽ 2,000 രൂപ മുതൽ 4,000 രൂപ വരെയുള്ള നിരക്കിൽ നിശ്ചിത എണ്ണം ടിക്കറ്റുകൾ ലഭ്യമാക്കാൻ സാധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമാകും അന്തിമ പ്രഖ്യാപനം.

കൊച്ചി-ലക്ഷദ്വീപ് സെക്ടറിൽ സർവീസ് നടത്തുന്നതിനായി സ്പൈസ് ജെറ്റിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ലക്ഷദ്വീപ് സർവീസിന് പിന്നാലെ കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സീപ്ലെയിൻ, എയർ ടാക്സി സർവീസുകളും ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതിനായി നാല് പ്രധാന കേന്ദ്രങ്ങൾ സിയാൽ അധികൃതർ സർക്കാരിന് നിർദ്ദേശിച്ചു.

നേരത്തെ കൊച്ചി ബോൾഗാട്ടി കായലിൽനിന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്ക് നടത്തിയ പരീക്ഷണ പറക്കൽ വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾക്ക് വഴിതെളിയുന്നത്. ജലത്തിലും കരയിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനങ്ങൾ എത്തുന്നതോടെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top