കൊച്ചി: മലയാള താരസംഘടനയായ ‘അമ്മ’യിൽ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ഭരണപരമായ അധികാരത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. സംഘടനയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എടുത്ത തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചിക്കാതെയാണ് ഈ നടപടിയെന്ന ആക്ഷേപം ഉയർന്നതോടെ പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പിരിച്ചുവിടൽ തീരുമാനം മരവിപ്പിച്ചു. ഇതിനുപുറമെ, അധികാര ദുർവിനിയോഗം ആരോപിച്ച് ട്രഷറർ ഉണ്ണി ശിവപാലിനെ ചുമതലകളിൽ നിന്ന് നീക്കി അവധിയിൽ പ്രവേശിപ്പിക്കുകയും പകരം നടൻ കൈലാഷിന് ട്രഷററുടെ താൽക്കാലിക ചുമതല നൽകുകയും ചെയ്തു.
സംഘടനയുടെ ബൈലോ പ്രകാരം ജനറൽ സെക്രട്ടറിക്ക് അമിതമായ അധികാരം ലഭിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനി ടോം, കൈലാഷ് എന്നിവർ ആരോപിച്ചു. പ്രസിഡന്റ് വെറുമൊരു സ്റ്റാമ്പായി മാറുന്ന സാഹചര്യം ഒഴിവാക്കാൻ ബൈലോ ഭേദഗതി ചെയ്യണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചു. എന്നാൽ സംഘടനയുടെ കീഴ്വഴക്കങ്ങളും നിയമോപദേശവും പാലിച്ചാണ് നടപടിയെടുത്തതെന്നും മുൻപ് മോഹൻലാൽ, ഇന്നസന്റ് എന്നിവർ പ്രസിഡന്റായിരുന്ന കാലത്തും സമാനമായ രീതിയിലായിരുന്നു പ്രവർത്തനമെന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു. വനിതകൾക്ക് ഭൂരിപക്ഷമുള്ള നിലവിലെ ഭരണസമിതിയിൽ ഉടലെടുത്ത ഈ ഭിന്നതകൾ പരിഹരിക്കാൻ ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കുകയാണ്.
