Home » പെൺവാണിഭക്കേസ്: പ്രതികൾ രാജ്യാന്തര മാഫിയയുടെ ഭാഗമെന്ന് പൊലീസ്; മൂന്നുപേർ റിമാൻഡിൽ

പെൺവാണിഭക്കേസ്: പ്രതികൾ രാജ്യാന്തര മാഫിയയുടെ ഭാഗമെന്ന് പൊലീസ്; മൂന്നുപേർ റിമാൻഡിൽ

കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മലയാളി പെൺകുട്ടികളെ പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായവർ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിലെ മോഡലുമായ അലീന ഏബ്രഹാം ഉൾപ്പെടെ പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിയും ദുബായിൽ ഇവന്റ് മാനേജ്മന്റ് സ്ഥാപന ഉടമയുമായ സ്റ്റോയ്സി (സിന്ധു) ആണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. മലയാളികളായ മറ്റു രണ്ടു സ്ത്രീകൾ കൂടി കേസിലെ രണ്ടും അഞ്ചും പ്രതികളാണ്.

മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് ജോലികൾ വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച ശേഷം യുവതികളെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു ഇവരുടെ രീതി. ദുബായിൽ ബ്യൂട്ടിപാർലർ ജോലി വാഗ്ദാനം വിശ്വസിച്ച് എത്തിയ ഒരു യുവതി നൽകിയ പരാതിയിലാണ് ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുവന്നത്.

ദുബായിലെ ഫ്ലാറ്റിൽ എത്തിച്ച ഉടൻ യുവതിയുടെ ഫോണും പാസ്പോർട്ടും പ്രതികൾ കൈക്കലാക്കി. തുടർന്ന് മർദിക്കുകയും ലഹരിമരുന്ന് നൽകി ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയും നഗ്നചിത്രങ്ങൾ യുവതിയുടെ വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഒരു മാസത്തോളം നീണ്ട തടങ്കലിനും പീഡനത്തിനുമൊടുവിൽ ബന്ധുവിന്റെ സഹായത്തോടെ രക്ഷപെട്ട യുവതി മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ രീതിയിൽ പീഡനത്തിനിരയായ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വളരെ ഗൗരവമേറിയ കേസായതിനാൽ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എറണാകുളം എസിപി കെ ജി സുരേഷിനാണ് അന്വേഷണ ചുമതല. മരട് എസ്എച്ച്ഒ അബ്ദുൾ മനാഫും സംഘത്തിലുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

യുവതികളെ കണ്ടെത്തി ദുബായിലേക്ക് കടത്തുന്ന പ്രധാന ഏജന്റുമാരാണ് സിന്ധുവും അലീനയുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അലീനയ്ക്ക് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. മുൻപ് വൈറ്റിലയിലെ ഹോട്ടലിൽ വടിവാൾ ഉപയോഗിച്ച് നടത്തിയ അക്രമക്കേസിലും ഇവർ അറസ്റ്റിലായിരുന്നു. മരടിലെ ഫ്ലാറ്റിൽ നിന്നാണ് അലീനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്തേക്ക് കടക്കാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയ ഒന്നാം പ്രതി സിന്ധുവിനെ ലുക്ക്ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുവെക്കുകയും തുടർന്ന് കൊച്ചി പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top