നാഥനില്ലാ കളരിയായി കെപിസിസി; മന്ത്രിപ്പദവിയിൽ നേതാക്കൾ, പാർട്ടിയിൽ കനക്കുന്ന അസംതൃപ്തി

കൊച്ചി: ഭരണത്തിലേക്ക് നേതാക്കളുടെ ശ്രദ്ധ തിരിഞ്ഞതോടെ ഏറെ ചർച്ച ചെയ്യപ്പെട്ട കെപിസിസി നേതൃമാറ്റം അനിശ്ചിതത്വത്തിൽ. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായതോടെ ഫലത്തിൽ കെപിസിസി നാഥനില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.

കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു കഴിഞ്ഞു. മറ്റൊരു വർക്കിങ് പ്രസിഡന്റായ ഷാഫി പറമ്പിൽ എംപിയുമാണ്. ശക്തമായ ഒരു നേതൃത്വമില്ലാത്തതിനാൽ പാർട്ടിയും സർക്കാരും തമ്മിൽ ഉണ്ടാകേണ്ട ഏകോപനം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ ഇപ്പോൾ ശക്തമാണ്.

ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നു; അണികളിൽ മുറുമുറുപ്പ്

നിലവിൽ ഭരണം ഭരണത്തിന്റെ വഴിക്കാണ് നീങ്ങുന്നത്. സംഘടന നാഥനില്ലാ കളരിയായതോടെ ബോർഡ്, കോർപ്പറേഷൻ തുടങ്ങിയ സർക്കാർ സംവിധാനങ്ങളിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങൾ അനിശ്ചിതമായി വൈകുകയാണ്. ഇതിൽ പാർട്ടിയിലെ ഒരു വിഭാഗം കടുത്ത മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി അവകാശവാദമുന്നയിച്ച പലരെയും പാർട്ടി നേതൃത്വം അന്ന് പിന്തിരിപ്പിച്ചിരുന്നത് യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാമെന്ന ഉറപ്പിലായിരുന്നു. മത്സരിച്ചു തോറ്റാൽ പിന്നീട് ഇത്തരം പദവികൾ കിട്ടാക്കനിയാകുമെന്ന ഭീഷണി ഭയന്ന് മാറിനിന്നവരാണ് ഇപ്പോൾ പദവികൾ വൈകുന്നതിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തുന്നത്.

ഡിസിസികളിൽ പ്രതിസന്ധി രൂക്ഷം

ഇടുക്കി ഉൾപ്പെടെയുള്ള ചില ഡിസിസികളിൽ സംഘടനാപരമായ പ്രശ്നങ്ങൾ അതീവ രൂക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പേരിൽ സംഘടനയിലെ പ്രതിയോഗികൾക്കെതിരെ പരസ്യമായ പോരുമായി നടക്കുന്ന സ്ഥാനാർത്ഥികളും പാർട്ടിക്കുള്ളിലുണ്ട്. നിലവിലെ കെപിസിസി നേതൃത്വം സജീവമല്ലാത്തതിനാൽ ഇത്തരം പ്രാദേശിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ ആരുമില്ലാത്ത അവസ്ഥയാണ്.

അധ്യക്ഷപ്പട്ടികയ്ക്കായി വടംവലി; ചരടുവലിച്ച് പ്രമുഖർ

കെപിസിസി അധ്യക്ഷ പദവിക്കായി കോൺഗ്രസിലെ പ്രമുഖ നേതാക്കൾ അണിയറയിൽ സജീവമായി രംഗത്തുണ്ട്.

എന്നിവരാണ് പ്രധാനമായും ഈ പദവിക്കായി അവകാശവാദമുന്നയിക്കുന്നത്. ഓരോരുത്തരും തങ്ങളുടേതായ ന്യായങ്ങൾ നിരത്തി ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. സ്ഥാനമോഹികൾ ഏറെയുള്ളതിനാൽ ഒരു തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിനും എളുപ്പമാകുന്നില്ല.

ജോസഫ് വാഴയ്ക്കന് സാധ്യതയെന്ന് സൂചന തുടക്കത്തിൽ ഷാഫി പറമ്പിലിനായിരുന്നു മുൻതൂക്കമെങ്കിലും ഇപ്പോൾ സാധ്യതകളിൽ മാറ്റം വന്നിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പിന്തുണ ജോസഫ് വാഴയ്ക്കനുണ്ടെന്നാണ് സൂചന. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാത്തതും, തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ ഒഴിഞ്ഞുമാറേണ്ടി വന്നതുമായ സാമുദായിക സമവാക്യങ്ങൾ വാഴയ്ക്കന് അനുകൂലമായേക്കാം.

എങ്കിലും, അധ്യക്ഷ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് നേതാക്കളെയും അണികളെയും ഒരുപോലെ കുഴക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top