കൊച്ചി: മഴ തുടങ്ങിയതോടെ വെള്ളക്കെട്ടിൽ മുങ്ങുമെന്ന പേടിയിലാണ് നഗരവാസികൾ. കൊച്ചി കോർപറേഷനിലെ യുഡിഎഫ് ഭരണസമിതി മഴക്കാലപൂർവ ശുചീകരണത്തിൽ അമ്പേ പരാജയപ്പെട്ടതാണ് നഗരത്തെ വീണ്ടും ഭീഷണിയിലാക്കുന്നത്. നഗരത്തിലെ തോടുകൾ മാലിന്യവും പായലും നിറഞ്ഞും ചെളി അടിഞ്ഞും ഒഴുക്കുനിലച്ച അവസ്ഥയിലാണ്. മഴ ശക്തിയാർജിക്കുന്നതോടെ തോടുകൾ വളരെ വേഗം കവിഞ്ഞൊഴുകുമെന്ന ആശങ്ക ശക്തമാണ്.
മഴക്കാലത്തിനുമുമ്പ് തന്നെ കാനകൾ, തോടുകൾ, കായൽമുഖം എന്നിവയിലെ മാലിന്യവും പായലും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കേണ്ട മുഖ്യചുമതല കൊച്ചി കോർപറേഷനാണ്. എന്നാൽ, മഴ ആരംഭിച്ചശേഷമാണ് ശുചീകരണം ഭരണസമിതി ഗൗരവത്തിൽ എടുത്തതും നടപടി തുടങ്ങിയതും. അപ്പോഴേക്കും സമയം വൈകിയിരുന്നു. ഇപ്പോഴും ശുചീകരണം പലയിടത്തും നടക്കുന്നതേയുള്ളൂ. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ മഴ തീർന്നാലും ശുചീകരണം അവസാനിക്കില്ലെന്ന് മാത്രമല്ല, മഴ കനക്കുന്നതോടെ ജോലികൾ തടസ്സപ്പെടുകയും ചെയ്യും.
പലയിടത്തും പേരിന് ശുചീകരണം നടത്തി തടിതപ്പാനുള്ള ശ്രമത്തിലാണ് അധികൃതർ. കോരിയ ഇടങ്ങളിലാകട്ടെ മാലിന്യം കാനകളിലേക്കും തോടുകളിലേക്കും തിരികെവീഴുന്ന സ്ഥിതിയാണ്. മുല്ലശേരി കനാലിൽ ഉൾപ്പെടെ ഇത്തരം സാഹചര്യമുണ്ടായി. വെള്ളക്കെട്ടിനുപുറമേ മഴക്കാലരോഗങ്ങളും പകർച്ചവ്യാധികളും നഗരത്തിൽ ഭീഷണി ഉയർത്തുന്നുണ്ട്. മാലിന്യനിർമാർജനവും രോഗപ്രതിരോധ പ്രവർത്തനങ്ങളും പാളിയതോടെ ഡെങ്കിപ്പനി ഉൾപ്പെടെ പിടിമുറുക്കിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായിരുന്നു. ഈ വിഷയം കൗൺസിലിൽ വന്നപ്പോൾ വെള്ളക്കെട്ട് സ്വാഭാവികം എന്നായിരുന്നു മേയർ വി കെ മിനിമോളുടെ മറുപടി. വ്യാഴാഴ്ച ജില്ലയിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.










