കാക്കനാട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സർവീസ് നടത്തിയ പത്ത് സ്കൂൾ ബസുകൾ പിടികൂടി. തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ ബസുകളാണ് പിടിയിലായത്. ബസുകൾക്കെതിരെ ഉദ്യോഗസ്ഥർ കർശന നടപടിയെടുത്തതോടെ വിദ്യാർഥികളുടെ യാത്ര മുടങ്ങി. ഇതേത്തുടർന്ന് എൽകെജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ താത്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ് സ്കൂൾ അധികൃതർ.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിന്റെ ഒരു ബസ് പരിശോധിച്ചപ്പോഴാണ് ഫിറ്റ്നസ് കാലാവധി കഴിഞ്ഞ കാര്യം എംവിഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സ്കൂളിലെത്തി ആകെയുള്ള 16 ബസുകളും പരിശോധിച്ചപ്പോഴാണ് ഇതിൽ 10 ബസുകൾക്കും സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയതിന് ഈ ബസുകൾക്ക് പിഴ ചുമത്തുകയും വൈകുന്നേരത്തെ സർവീസ് ഉദ്യോഗസ്ഥർ തടയുകയും ചെയ്തു. തുടർന്ന് വൈകിട്ട് കുട്ടികളെ വീട്ടിലെത്തിക്കാൻ സ്കൂൾ അധികൃതർക്ക് മറ്റ് സ്വകാര്യ വാഹനങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു.
സ്കൂൾ ബസുകൾക്കുള്ളിൽ നാലും പുറത്ത് നാലും ക്യാമറകൾ വീതം സ്ഥാപിക്കണമെന്ന പുതിയ നിർദേശം നടപ്പിലാക്കാൻ വൈകിയതാണ് ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നതിൽ കാലതാമസം വരുത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എത്രയും വേഗം എല്ലാ ബസുകളുടെയും പരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
എന്നാൽ, സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ എല്ലാ വാഹനങ്ങളും ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന കർശന നിർദേശം വിദ്യോദയ സ്കൂൾ അധികൃതർ ലംഘിച്ചതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. സമീപ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ സുരക്ഷാ സ്റ്റിക്കർ പതിക്കാത്ത മറ്റ് സ്കൂൾ ബസുകൾ കണ്ടെത്തിയിരുന്നെങ്കിലും, അവയ്ക്ക് ഫിറ്റ്നസ് ഉണ്ടായിരുന്നതിനാൽ സർവീസ് തടഞ്ഞിരുന്നില്ല. എന്നാൽ, അടിസ്ഥാന സുരക്ഷാ രേഖയായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെ കുട്ടികളുമായി സർവീസ് നടത്തിയതിനാലാണ് വിദ്യോദയ സ്കൂൾ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ സ്റ്റിക്കർ പതിച്ച വാഹനങ്ങളിൽ മാത്രമേ ഇനി കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു.





