Home » വന്ന വഴി മറക്കാത്ത ആത്മാർത്ഥത; അച്ഛനെക്കുറിച്ച് മകൾ ഉണ്ണിമായ

വന്ന വഴി മറക്കാത്ത ആത്മാർത്ഥത; അച്ഛനെക്കുറിച്ച് മകൾ ഉണ്ണിമായ

കൊച്ചി: രാഷ്ട്രീയപ്പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് നടന്നു കയറുമ്പോൾ, ആ വിജയഗാഥയ്ക്ക് പിന്നിലെ ഹൃദയസ്പർശിയായ നിമിഷങ്ങൾ പങ്കുവെക്കുകയാണ് മകൾ ഉണ്ണിമായ. അധികാരത്തിന്റെ ഉന്നതിയിൽ എത്തുമ്പോഴും പൊരുതിക്കയറി വന്ന വഴികളോ കൂടെനിന്നവരെയോ കൈവിടാത്ത സത്യസന്ധതയാണ് അച്ഛന്റെ കരുത്തെന്ന് ഉണ്ണിമായ മനോരമ ഓൺലൈനോട് പറഞ്ഞു.

കൊല്ലത്തെ ആ നിമിഷം

മുഖ്യമന്ത്രിയായി അച്ഛനെ പ്രഖ്യാപിക്കുമ്പോൾ ഉണ്ണിമായയും അച്ഛനോടൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. “വലിയ പ്രതീക്ഷകൾ വെക്കാതെ തികച്ചും സാധാരണമായാണ് ഞങ്ങൾ ആ യാത്ര തുടങ്ങിയത്. എന്നാൽ കൊല്ലത്തെത്തിയപ്പോൾ വിവരം അറിഞ്ഞു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷമായിരുന്നു അത്. അച്ഛന് ഒരുപാട് ഉമ്മകൾ നൽകി,” ഉണ്ണിമായ ആ നിമിഷം ഓർത്തെടുത്തു.

വായനയും അച്ചടക്കവും

പൊതുവേ ഗൗരവക്കാരനായി അറിയപ്പെടുന്ന വി ഡി സതീശൻ വീട്ടിൽ തികച്ചും ‘ചില്ലായ’ വ്യക്തിയാണെന്ന് മകൾ പറയുന്നു. സമയം കൃത്യമായി പാലിക്കണമെന്ന കാര്യത്തിൽ മാത്രമാണ് അച്ഛന് നിർബന്ധമുള്ളത്. അദ്ദേഹത്തിന്റെ വായനാശീലവും ഇന്റലിജൻസുമാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. ഏത് വലിയ തീരുമാനമെടുക്കുമ്പോഴും മറ്റൊരാളെ വേദനിപ്പിക്കരുത് എന്ന വാശി അച്ഛനുണ്ടെന്നും ഉണ്ണിമായ സാക്ഷ്യപ്പെടുത്തുന്നു.

പറയുന്നതല്ല, പ്രവർത്തിക്കുന്ന ആൾ

തന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവവും ഉണ്ണിമായ പങ്കുവെച്ചു. തന്റെ കസിൻ മറ്റൊരു മതത്തിൽപ്പെട്ട ആളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ, പൂർണ്ണ പിന്തുണയുമായി നിന്നത് അച്ഛനായിരുന്നു. ആ കുടുംബത്തെ അന്വേഷിച്ച് കണ്ടെത്തി വീട്ടിലേക്ക് ക്ഷണിക്കുകയും എല്ലാവരെയും ചേർത്തുനിർത്തുകയും ചെയ്തു. അച്ഛൻ പ്രസംഗിക്കുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിലും പകർത്തുന്ന വ്യക്തിയാണെന്ന് അന്ന് തനിക്ക് ബോധ്യപ്പെട്ടതായി മകൾ പറയുന്നു.

തിരക്കിനിടയിലെ കുടുംബം

എത്ര തിരക്കുണ്ടെങ്കിലും തിരുവനന്തപുരത്ത് നിന്ന് രാത്രി വൈകിയാലും അച്ഛൻ വീട്ടിലേക്ക് മടങ്ങിയെത്താറുണ്ട്. സിനിമ കാണാൻ ഇഷ്ടമാണെങ്കിലും സമയം കിട്ടാറില്ല. വീട്ടിലുള്ളപ്പോൾ താൻ തിരഞ്ഞെടുത്തു നൽകുന്ന നല്ല സിനിമകൾ അച്ഛൻ കാണാറുണ്ടെന്നും രാഷ്ട്രീയത്തിനപ്പുറം ലളിതമായ സന്തോഷങ്ങൾ ആസ്വദിക്കുന്ന വ്യക്തിയാണ് വി ഡി സതീശനെന്നും മകൾ കൂട്ടിച്ചേർത്തു. എത്ര വലിയ പദവിയിലെത്തിയാലും തന്നെ പണ്ടുതൊട്ട് പിന്തുണയ്ക്കുന്നവരെ അച്ഛൻ ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top