പെരുമ്പാവൂര്‍: വല്ലം-ചൂണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആശിര്‍വാദ് പ്ലൈവുഡ് കമ്പനിക്കെതിരെ ‘ജനകീയ സമരസമിതി’ എന്ന പേരില്‍ കഴിഞ്ഞ ജൂലൈ 13-ന് പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കമ്പനി ഉടമ ബിസ്മി നിഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ആവശ്യമായ എല്ലാ നിയമപരമായ രേഖകളോടെയുമാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കിക്കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. കമ്പനി ജനവാസ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വാദം വസ്തുതാവിരുദ്ധമാണ്.കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ഉത്തരവിനെതിരെ നിലവില്‍ തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപന ട്രൈബ്യൂണലിനെ (LSGD Tribunal) സമീപിച്ചിരിക്കുകയാണ്. അപ്പീലില്‍ അന്തിമവിധി വരുന്നത് വരെ പഞ്ചായത്തിന്റെ ഉത്തരവുകള്‍ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിട്ടുണ്ട്. വരും ഓഗസ്റ്റ് 3-നാണ് ഈ കേസില്‍ ഹിയറിംഗ് നിശ്ചയിച്ചിരിക്കുന്നത്. വിഷയം നിലവില്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്നതിനാല്‍ നിയമപരമായി കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്നും ഉടമ വ്യക്തമാക്കി.വാര്‍ത്താസമ്മേളനത്തില്‍ കമ്പനി മാനേജര്‍ എ.പി. സനൂപ്, അഡ്വ. എന്‍.എസ്. രേഖ എന്നിവരും പങ്കെടുത്തു.










