Home » മെട്രോ റെയിലിന്റെ സംരക്ഷണ ഭിത്തി; വെള്ളത്തിലായി ടിവി സെന്റർ റോഡ്, അപകടങ്ങൾ പതിവ്

മെട്രോ റെയിലിന്റെ സംരക്ഷണ ഭിത്തി; വെള്ളത്തിലായി ടിവി സെന്റർ റോഡ്, അപകടങ്ങൾ പതിവ്

കാക്കനാട് ∙ സീപോർട്ട് എയർപോർട്ട് റോഡിൽ മെട്രോ റെയിലിന്റെ സംരക്ഷണ ഭിത്തി നിർമാണം മൂലം ടിവി സെന്റർ ജംക‍്ഷനിൽ വെള്ളക്കെട്ട് ഭീഷണി. ഇവിടെ നിലവിലുണ്ടായിരുന്ന കാന പൊളിച്ചാണ് കൂറ്റൻ സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മഴവെള്ളം ഒഴുകി പോയിരുന്ന കാന ഇല്ലാതായതോടെ വെള്ളം റോഡിലേക്ക് പരന്നൊഴുകുന്നു. മഴ കനക്കുമ്പോൾ റോഡിലെ വെള്ളം സമീപ കടകളിലേക്കും വീടുകളിലേക്കും കയറുന്ന അവസ്ഥയാണ്.

മുന്നൊരുക്കമില്ലാതെ കാന പൊളിച്ചതും സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയതുമാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. നിർമാണം നടക്കുന്നതിനാൽ ചെറുതും വലുതുമായ ഒട്ടേറെ കുഴികളും ഈ ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ഒഴുകിയെത്തുന്ന വെള്ളം ഈ കുഴികളിലും നിറയുന്നു. കുഴിയാണെന്നറിയാതെ വാഹനങ്ങളും കാൽനടക്കാരും അകപ്പെടുന്നു. പൊളിച്ച ഒഴുക്കു ചാൽ താൽക്കാലികമായെങ്കിലും പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാലവർഷം ശക്തമാകുന്നതോടെ ഇവിടെ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെടുമെന്ന ആശങ്കയും അവർക്കുണ്ട്. വീതി കുറവായതിനാൽ ടിവി സെന്റർ ജംക‍്ഷനിൽ സാധാരണ സമയത്തും വാഹനക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ ഭാഗത്തേക്ക് വൻ തോതിൽ വെള്ളമൊഴുകിയെത്തിയാൽ കുരുക്ക് മുറുകും. സംരക്ഷണ ഭിത്തി പൂർത്തിയാകുമ്പോൾ ഇവിടെ വെള്ളമൊഴുകുന്നതിനു ആധുനിക രീതിയിലുള്ള സ്ഥിരം സംവിധാനം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സീപോർട്ട് എയർപോർട്ട് റോഡിൽ വെള്ളമൊഴുകി അപകടകരമാം വിധം കുഴി രൂപപ്പെട്ടിരിക്കുന്ന മറ്റൊരു കേന്ദ്രമാണ് തൃക്കാക്കര സഹകരണ ആശുപത്രിക്കും ഓണം പാർക്കിനും ഇടയിലുള്ള ഭാഗം. ഇവിടെ റോഡിന്റെ ടാർ ചെയ്ത ഭാഗവും വശങ്ങളും തമ്മിൽ വൻ ഉയര വ്യത്യാസമാണ് വെള്ളമൊഴുക്കിലൂടെ ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ അകപ്പെടുന്നത് പതിവ്. പലതവണ പരാതി പറഞ്ഞിട്ടും മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top