Home » ആശങ്കയിൽ 
കുടുംബശ്രീ ജീവനക്കാർ

ആശങ്കയിൽ 
കുടുംബശ്രീ ജീവനക്കാർ

കൊച്ചി : കുടുംബശ്രീ സംസ്ഥാന–-ജില്ലാ മിഷനുകളിലെ കരാർജീവനക്കാരുടെ കാലാവധി പുതുക്കൽ മരവിപ്പിച്ചതോടെ ആശങ്കയിലായി ജീവനക്കാർ. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പുതിയ ഉത്തരവിനെ തുടർന്നാണ്‌ നിയമനങ്ങൾ മരവിപ്പിച്ചത്‌.

കുടുംബശ്രീയിൽ സംസ്ഥാന, ജില്ലാ മിഷനുകളിൽ കോ–ഓർഡിനേറ്റർ, അസിസ്റ്റന്റ്‌ കോ–ഓർഡിനേറ്റർമാർ ഒഴികെയുള്ളവരെല്ലാം കരാർജീവനക്കാരാണ്‌. വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരുടെ കാലാവധി ഓരോവർഷവും കൃത്യമായി പുതുക്കിനൽകാറാണ് പതിവ്. എന്നാൽ, പുതിയ ഉത്തരവുപ്രകാരം നിലവിലുള്ള കാലാവധി അവസാനിക്കുന്നതോടെ തുടർനിയമനം നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജൂൺ ഒന്നിനുശേഷമുള്ള അറിയിപ്പനുസരിച്ച്‌ നിയമനം മതിയെന്നും ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനുമാണ്‌ നിർദേശം.

ജില്ലയിലെ 12 ജില്ലാ പ്രോഗ്രാം മാനേജർമാർ, ഒന്നുവീതം പ്ലാൻ അക്ക‍ൗണ്ടന്റ്‌, എൻആർഎൽഎം അക്ക‍ൗണ്ടന്റ്‌, ഓരോ ബ്ലോക്കിലും നാല്‌ കോ–ഓർഡിനേറ്റർമാർവീതം 54 ബ്ലോക്ക്‌

കോ–ഓർഡിനേറ്റർമാർ, 20 ഓളം സിറ്റി മിഷൻ മാനേജർമാർ–പിഎംഎവൈ സോഷ്യൽ ഡെവലപ്‌മെന്റ്‌ സ്‌പെഷ്യലിസ്റ്റുമാർ, 102 സിഡിഎസുകളിലെ അക്ക‍ൗണ്ടന്റുമാർ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്‌. ഇവർ ഉൾപ്പെടെ സംസ്ഥാനത്താകെ 2624 പേരാണ് നിലവിൽ കരാർജീവനക്കാരായി ഉള്ളത്‌. കുടുംബശ്രീയെ ചലിപ്പിക്കുന്നതിൽ ഇവർക്ക്‌ പ്രധാന പങ്കുണ്ട്‌.

അഞ്ചുമുതൽ പത്തുവരെ വർഷംവരെ പരിചയസമ്പത്തുള്ള കുറഞ്ഞ വേതനത്തിൽ അധികസമയവും അവധി ദിവസങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരാണ് ഇതിലൂടെ വഴിയാധാരമാകുന്നത്. ഉദ്യോഗസ്ഥരിൽ സമ്മർദംചെലുത്തി കുടുംബശ്രീയെ തകർക്കാനുള്ള നീക്കമാണെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ട്‌. കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ജീവനക്കാരെ തെരുവിലിറക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top