Home » എറണാകുളം തൂത്തുവാരി യുഡിഎഫ്; ജില്ലയിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി

എറണാകുളം തൂത്തുവാരി യുഡിഎഫ്; ജില്ലയിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി

കൊച്ചി: ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ആധിപത്യം ഉറപ്പിച്ച് എറണാകുളം ജില്ലയിൽ യുഡിഎഫ് സമ്പൂർണ്ണ വിജയം കരസ്ഥമാക്കി. ഇടതുമുന്നണിയുടെ കൈവശമിരുന്ന കൊച്ചി, കോതമംഗലം, കളമശ്ശേരി, വൈപ്പിൻ, കുന്നത്തുനാട് മണ്ഡലങ്ങൾ പിടിച്ചെടുത്താണ് യുഡിഎഫ് കരുത്ത് തെളിയിച്ചത്. കുന്നത്തുനാട് മണ്ഡലത്തിൽ കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ട്വന്റി 20 ഇത്തവണ എൻഡിഎ സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും വലിയ ചലനം സൃഷ്ടിക്കാനായില്ല. സ്ഥാനാർത്ഥിയായ ബാബു ദിവാകരന് 39,958 വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ ട്വന്റി 20 ഒറ്റയ്ക്ക് 41,890 വോട്ടുകളും ബിജെപി 7056 വോട്ടുകളും നേടിയിരുന്ന സ്ഥാനത്ത് ഇത്തവണ സഖ്യമായി മത്സരിച്ചപ്പോൾ ഒൻപതിനായിരത്തിലേറെ വോട്ടുകൾ കുറയുന്ന കാഴ്ചയാണ് ഉണ്ടായത്. ജില്ലയിൽ പലയിടങ്ങളിലും ബിജെപി പ്രവർത്തകർ യുഡിഎഫിന് പരസ്യ പിന്തുണ നൽകുന്ന സാഹചര്യം നിലനിന്നിരുന്നു. കൊച്ചി, തൃപ്പൂണിത്തുറ, കുന്നത്തുനാട് അടക്കമുള്ള മണ്ഡലങ്ങളിൽ ഇത്തരം നീക്കങ്ങൾ നടന്നതായി വിലയിരുത്തപ്പെടുന്നു. ഇതിനുപുറമെ കളമശ്ശേരി അടക്കമുള്ള ഇടങ്ങളിൽ വോട്ടർമാർക്കിടയിൽ രഹസ്യമായി നടന്ന വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി.

മൂവാറ്റുപുഴയിലും പറവൂരിലും പണമൊഴുക്കിയുള്ള ശക്തമായ പ്രചാരണമാണ് നടന്നതെന്ന ആക്ഷേപം ശക്തമാണ്. പറവൂരിൽ വി ഡി സതീശന്റെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞത് മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസമായത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്റർ മുന്നിലെത്തിയത് യുഡിഎഫ് ക്യാമ്പുകളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. 2011-ൽ രൂപീകൃതമായ കളമശ്ശേരി മണ്ഡലത്തിൽ കഴിഞ്ഞ തവണ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്. എന്നാൽ ഇത്തവണ അത് നിലനിർത്താനായില്ല. കൊച്ചി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിനെതിരെ ലത്തീൻ സഭയ്ക്ക് വിയോജിപ്പുണ്ടെന്ന തരത്തിൽ നടന്ന പ്രചാരണങ്ങൾ സമുദായ ധ്രുവീകരണത്തിന് വഴിതുറന്നതും ഇടതുപക്ഷത്തിന് വിനയായി. പിറവത്താകട്ടെ യുഡിഎഫിന് ഭരണം ലഭിക്കുമെന്നും അനൂപ് ജേക്കബ് മന്ത്രിയാകുമെന്നുമുള്ള പ്രചാരണം ശക്തമായത് വോട്ടർമാരെ സ്വാധീനിച്ചു.

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസിന് ഒരു അവസരം കൂടി നൽകണമെന്ന വൈകാരികമായ പ്രചാരണം വലിയ തോതിൽ തുണച്ചു. വൈപ്പിൻ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന കെ എൻ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റിയത് രണ്ട് മണ്ഡലങ്ങളിലും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കാരണമായി. തൃപ്പൂണിത്തുറയിൽ അഞ്ജലി നായരും തൃക്കാക്കരയിൽ അഖിൽ മാരാരും അങ്കമാലിയിൽ പ്രോമി കുര്യാക്കോസും അടക്കമുള്ളവർ മത്സരരംഗത്തുണ്ടായിരുന്നു. പെരുമ്പാവൂർ, അങ്കമാലി, ആലുവ തുടങ്ങിയ മണ്ഡലങ്ങൾ പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്നവയാണെങ്കിലും അവിടെ മികച്ച സ്ഥാനാർത്ഥികളെ ഇറക്കി ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ ഇത്തവണ ഇടതുമുന്നണിക്ക് സാധിച്ചു. എന്നിരുന്നാലും ജില്ലയിലുടനീളം വീശിയടിച്ച യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് കോട്ടകൾ ഓരോന്നായി തകരുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top