പച്ചാളം ഗതാഗതക്കുരുക്ക്: നഗരസഭയുടെ അനാസ്ഥ വിവരാവകാശ രേഖയിലൂടെ പുറത്ത്; വെറും 1.6 ലക്ഷം രൂപയ്ക്ക് തീർക്കാവുന്ന പ്രശ്നം അവഗണിക്കുന്നു

കൊച്ചി: പച്ചാളം ജങ്‌ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിൽ കൊച്ചി നഗരസഭ കാട്ടുന്നത് ഗുരുതര അനാസ്ഥയെന്ന് വിവരാവകാശ രേഖകൾ. വെറും 1.6 ലക്ഷം രൂപ ചെലവിൽ വൈദ്യുത പോസ്റ്റുകൾ മാറ്റിയാൽ തീരാവുന്ന പ്രശ്നമാണ് ലക്ഷങ്ങളുടെ ബാധ്യത വരുത്തിവയ്ക്കുന്ന രീതിയിലേക്ക് നഗരസഭ വലിച്ചിഴയ്ക്കുന്നത്.

ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി സുകുമാരൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് വെളിപ്പെട്ടത്.

ലക്ഷങ്ങൾ ലാഭിക്കാവുന്ന പദ്ധതി, പക്ഷേ നടപടിയില്ല പച്ചാളം ജങ്‌ഷനിൽ വാഹനങ്ങൾക്ക് തിരിയാൻ തടസ്സമായി നിൽക്കുന്ന കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ 2025 ജനുവരിയിൽ നൽകിയ എസ്റ്റിമേറ്റ് 1.6 ലക്ഷം രൂപ മാത്രമാണ്. എന്നാൽ ഇതുവരെ ഈ തുക അനുവദിക്കാൻ നഗരസഭ തയ്യാറായിട്ടില്ല. പോസ്റ്റുകൾ മാറ്റിയില്ലെങ്കിൽ ജങ്‌ഷൻ വീതി കൂട്ടാനായി അഞ്ചു സെന്റോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. നിലവിലെ വിപണി നിരക്ക് പ്രകാരം ഇതിന് ഒരു കോടിയിലധികം രൂപ പൊതുപണം ചെലവാക്കേണ്ടി വരും.

ദുരൂഹമായ മൗനം 2026 ജനുവരിക്ക് ശേഷം ഈ വിഷയത്തിൽ കോർപ്പറേഷൻ, കെഎസ്ഇബി, റെയിൽവേ എന്നിവർ തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് നഗരസഭ സമ്മതിച്ചു. കുറഞ്ഞ ചെലവിൽ തീർക്കാവുന്ന പദ്ധതി ഒഴിവാക്കി കോടികളുടെ ഭൂമി ഏറ്റെടുക്കൽ നീക്കത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സുജിത് സി സുകുമാരൻ ആരോപിച്ചു. സാധാരണക്കാരുടെ നികുതിപ്പണം പാഴാക്കുന്ന ഈ നടപടി അവസാനിപ്പിച്ച് മഴക്കാലത്തിന് മുൻപായി പോസ്റ്റുകൾ മാറ്റാൻ നഗരസഭ തയ്യാറാകണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top