പെരുമ്പാവൂർ: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചങ്ങലക്കെട്ടുകളിൽ നിന്ന് പെരുമ്പാവൂരിനെ മോചിപ്പിക്കാൻ വികസനത്തിന്റെ പുത്തൻ കർമ്മപദ്ധതികളുമായി യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ഒക്കലിന്റെ മണ്ണിൽ ആവേശോജ്ജ്വല തുടക്കം. പെരുമ്പാവൂരിന്റെ വികസനരേഖകളിൽ ക്രിയാത്മകമായ മാറ്റം കുറിക്കണമെന്ന ഉറച്ച പ്രഖ്യാപനവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തതോടെ മണ്ഡലം ആവേശത്തിന്റെ കൊടുമുടിയിലായി. കൊടുവേലിപ്പടിയിൽ നിന്ന് ആരംഭിച്ച പര്യടനം ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനകീയ ഉത്സവമായി പരിണമിച്ചു.
കൊടുംവെയിലിന്റെ കാഠിന്യത്തെയും രാഷ്ട്രീയ ആവേശത്തിന്റെ കുളിർമ കൊണ്ട് നേരിട്ട്, ഓരോ വോട്ടറുടെയും അരികിലെത്തി വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് മുതിർന്നവരും യുവാക്കളും കുട്ടികളും ഒരേപോലെ ഹൃദയപൂർവ്വമായ വരവേൽപ്പാണ് നൽകിയത്. വല്ലം പള്ളി, തൃക്കേപ്പാറ, തുരുത്തി, മുടക്കുഴ, നെല്ലിമോളം, പുല്ലുവഴി, കീഴില്ലം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും നേരിട്ടെത്തിയ മനോജ് മൂത്തേടൻ, മണ്ഡലത്തിന്റെ സ്പന്ദനമറിയുന്ന ഒരു ജനപ്രതിനിധിയുടെ അനിവാര്യത ഓരോ കേന്ദ്രങ്ങളിലും അടിവരയിട്ടു പറഞ്ഞു. വല്ലത്തെ സമാപന സമ്മേളനത്തിൽ പ്രവർത്തകരുടെ ഇരമ്പുന്ന സാന്നിധ്യം വരാനിരിക്കുന്ന അട്ടിമറി വിജയത്തിന്റെ വിളംബരമായി മാറി.
ഒക്കലിലെ പടയോട്ടത്തിന് ശേഷം ഇന്ന് കോടനാട്, കൂവപ്പടി മണ്ഡലങ്ങളിലെ ഹൃദയവീഥികളിലൂടെയാണ് മനോജ് മൂത്തേടന്റെ പര്യടനം കടന്നുപോകുന്നത്. രാവിലെ കോടനാട് ആലാട്ടുചിറയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം നെടുമ്പാറ, വടക്കാമ്പിള്ളി, പള്ളിപ്പടി എന്നിവിടങ്ങൾ പിന്നിട്ട് കുറിച്ചിലക്കോട്ടും തോട്ടുവയിലും എത്തുമ്പോൾ വികസന വിരോധികളോടുള്ള നാടിന്റെ മറുപടി വ്യക്തമാകുമെന്ന് യു.ഡി.എഫ് ക്യാമ്പ് അവകാശപ്പെടുന്നു. ചേരാനല്ലൂർ അങ്ങാടിയും കൂവപ്പടിയും കടന്ന് വൈകുന്നേരത്തോടെ ഐമുറി കവലയിൽ പര്യടനം സമാപിക്കുമ്പോൾ പെരുമ്പാവൂരിന്റെ രാഷ്ട്രീയ കാറ്റ് യു.ഡി.എഫിന് അനുകൂലമായി വീശുമെന്നുറപ്പാണ്.
ത്രിവേണി കവലയും റേഷൻകട കവലയും മാവേലിപ്പടിയും ഉൾപ്പെടെ ഇരുപത്തിരണ്ടോളം കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ള സ്വീകരണങ്ങൾ വോട്ടർമാരുടെ ഇടയിൽ സ്ഥാനാർത്ഥിക്കുള്ള അചഞ്ചലമായ സ്വാധീനത്തിന്റെ തെളിവാണ്. കനാൽ കവലയിലും കൊല്ലത്താൻ കവലയിലും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വാഗ്ദാനങ്ങളുടെ പെരുമഴയല്ല, മറിച്ച് പ്രായോഗികമായ കർമ്മപദ്ധതികളുമായി ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന മനോജ് മൂത്തേടന്റെ ഈ പടയോട്ടം പെരുമ്പാവൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ നിർണ്ണായക അധ്യായമായി മാറും.
