കൊച്ചി: ദീർഘകാലത്തെ ദുരവസ്ഥയ്ക്ക് അറുതി വരുത്തിക്കൊണ്ട് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ നവീകരിച്ച ബസ് സ്റ്റേഷൻ ഉദ്ഘാടനവും കാരിക്കാമുറിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. ടി ജെ വിനോദ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. നിയമസഭയ്ക്കകത്തും പുറത്തും എംഎൽഎ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് വെള്ളക്കെട്ട് രൂക്ഷമായിരുന്ന സ്റ്റാൻഡിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിച്ചത്.
ആകെ 1.88 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷൻ നവീകരിച്ചത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച 77.7 ലക്ഷം രൂപയ്ക്ക് പുറമെ ബിപിസിഎൽ (99 ലക്ഷം രൂപ), ജിയോജിത് (12 ലക്ഷം രൂപ) എന്നിവരുടെ സിഎസ്ആർ ഫണ്ടുകളും പദ്ധതിക്കായി ഉപയോഗിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ തറനിരപ്പ് രണ്ടടി ഉയർത്തി രാജസ്ഥാനി കോട്ട സ്റ്റോൺ പാകി. ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം, പുതിയ ഇരിപ്പിടങ്ങൾ, റാമ്പ് സൗകര്യം, അത്യാധുനിക എൽഇഡി ലൈറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
നവീകരിച്ച ഡിപ്പോയിൽ എസി വെയിറ്റിംഗ് റൂമുകൾ, ലേഡീസ് എസി വെയിറ്റിംഗ് റൂം, ഫീഡിംഗ് റൂം എന്നിവ വണ്ടർലാ സ്പോൺസർ ചെയ്തിട്ടുണ്ട്. പെട്രോനെറ്റ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള ടോയ്ലറ്റ് സമുച്ചയം, മാതൃഭൂമി ഒരുക്കിയ റീഡിംഗ് കോർണർ, അപ്പോളോ അഡ്ലക്സിന്റെ ഹെൽത്ത് കോർണർ, ഡിജിറ്റൽ ക്ലോക്ക് റൂം, എൻക്വയറി കൗണ്ടർ, അനൗൺസ്മെന്റ് സിസ്റ്റം, ബസ് ഡെസ്റ്റിനേഷൻ ബോർഡുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഡിപ്പോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ചാവറ കൾച്ചറൽ സെന്റർ ഒരുക്കിയ ഗാർഡനും സെൽഫി പോയിന്റും യാത്രക്കാർക്കായി പോലീസ് എയ്ഡ് പോസ്റ്റും ഇവിടെയുണ്ട്.
ഇതോടൊപ്പം കാരിക്കാമുറിയിൽ 13 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ സ്റ്റീൽ ടെർമിനൽ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. 28 ബസുകൾക്ക് പാർക്ക് ചെയ്യാവുന്ന ബസ് ബേകൾ, ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, കഫേ, വിവിധ കിയോസ്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, കൗൺസിലർമാരായ കെ വി പി കൃഷ്ണകുമാർ, റിയ ലോറൻസ്, ആൽബർട്ട് അമ്പലത്തിങ്കൽ, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രദീപ്കുമാർ, ഷറഫ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
