മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ നിർദേശം  

പെരുമ്പാവൂർ: എറണാകുളം മലയിടംതുരുത്തിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കാൻ പെരുമ്പാവൂർ മുൻസിഫ് കോടതി വീണ്ടും നിർദേശം നൽകി. എന്നാൽ, തങ്ങൾ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഇവിടുത്തെ താമസക്കാർ.

നേരത്തെ, താമസക്കാർ ഒഴിഞ്ഞുനൽകണമെന്ന ഹൈക്കോടതി നിർദേശത്തിന്മേൽ നടപടികൾക്കായി സംസ്ഥാന സർക്കാർ സാവകാശം തേടിയിരുന്നു. എന്നാൽ, വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് അതിന്മേൽ നിയമപരമായ അവകാശം ഉണ്ടാകണമെന്നും, എന്നാൽ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാരുടെ ഭാഗത്തുനിന്ന് നിയമപരമായ നീക്കങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 19ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നെങ്കിലും, തുടർന്നുണ്ടായ ഒഴിപ്പിക്കൽ നടപടികൾ വലിയ സംഘർഷത്തിലാണ് കലാശിച്ചത്.

2022 ലാണ് 19 ഏക്കറിൽ വരുന്ന ഭൂമിയിൽ 2 ഏക്കർ 60 സെന്റ് കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നത്. തുടർന്ന് കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ വർഷങ്ങളായി തുടരുമ്പോൾ, ഇവിടെ താമസിക്കുന്ന എട്ട് കുടുംബങ്ങളുടെ മുന്നോട്ടുള്ള ജീവിതമാണ് പൂർണ്ണമായി പ്രതിസന്ധിയിലാകുന്നത്. ഇവരുടെ ഭൂമിയുടെ രേഖകളടക്കം പരിശോധിച്ചാണ് പെരുമ്പാവൂർ മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെയുള്ള നിയമപീഠങ്ങൾ കുടിയൊഴിപ്പിക്കൽ ഉത്തരവ് ശരിവെച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top