Home » ‘ഓപ്പറേഷൻ തൂഫാൻ’ പെരുമ്പാവൂരിൽ ആദ്യം നടപ്പാക്കണം; ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി

‘ഓപ്പറേഷൻ തൂഫാൻ’ പെരുമ്പാവൂരിൽ ആദ്യം നടപ്പാക്കണം; ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി

പെരുമ്പാവൂർ: ലഹരിസംഘങ്ങളെ അടിച്ചമർത്താനായി സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതി എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മേഖലയിൽ അടിയന്തിരമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകളായി മയക്കുമരുന്ന്-അനാശാസ്യ സംഘങ്ങളുടെ പ്രധാന താവളമായി പെരുമ്പാവൂർ മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ എം ബി ഹംസ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. കുന്നത്തുനാട് താലൂക്ക് പരിധിയിൽ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭായി കോളനിയും ഞായറാഴ്ചകളിലെ ഭായി ബസാറും പെരുമ്പാവൂരിലാണ്. ഇവിടെയെത്തുന്നവരിൽ 90 ശതമാനം പേരും ഉപജീവനത്തിനായി എത്തിയവരാണെങ്കിലും, ബാക്കി 10 ശതമാനം പേർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാടിന്റെ സമാധാനം തകർക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു.

മുൻകാലങ്ങളിൽ റെയിൽവേ, വിമാനത്താവളം, അന്തർസംസ്ഥാന ബസുകൾ എന്നിവ വഴിയാണ് ലഹരി എത്തിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലാണ് കടത്ത്. ഇക്കഴിഞ്ഞ മെയ് 26-ന് തൃശൂരിൽ ആംബുലൻസിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപ വിലമതിക്കുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടിയത് ഇതിന് തെളിവാണ്. എറണാകുളം റൂറൽ എസ്പിയുടെയും പെരുമ്പാവൂർ എഎസ്പിയുടെയും നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ദശലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് മേഖലയിൽ നിന്ന് പിടികൂടിയത്. ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന പെരുമ്പാവൂരിൽ നിലവിലെ പോലീസ് സംവിധാനങ്ങൾ ഒട്ടും പര്യാപ്തമല്ല എന്നതാണ് യാഥാർത്ഥ്യം.

1987-ൽ പ്രവർത്തനം ആരംഭിച്ച, 40 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി മൂലം വരാന്തകൾ കെട്ടിത്തിരിച്ചാണ് ഓഫീസുകൾ ഒരുക്കിയിരിക്കുന്നത്. ഇവിടെ ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ ആവശ്യമായ ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ പഴയ ട്രഷറി ബിൽഡിംഗിൽ ശോചനീയാവസ്ഥയിലാണ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും പ്രവർത്തിക്കുന്നത്.

ഈ സാഹചര്യത്തിൽ പെരുമ്പാവൂരിൽ വളർന്നുവന്നിട്ടുള്ള ലഹരിയുടെ വേരുകൾ അറുത്തുമാറ്റുന്നതിനൊപ്പം ടൗണിലെ പോലീസ് സ്റ്റേഷനായി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം നിർമ്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിനായി പുതിയ കെട്ടിടം പണിയണം. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ പോലീസ് സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്കുകളിൽ തന്നെ പരമാവധി തീർപ്പാക്കാൻ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന കഴിവുള്ള ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണം. ഇതിനൊപ്പം പൊതുജനങ്ങൾക്കായി ഇരിപ്പടം, കുടിവെള്ളം, ശൗചാലയം എന്നിവ ഉറപ്പാക്കി സ്റ്റേഷനുകളെ യഥാർത്ഥ ജനമൈത്രി കേന്ദ്രങ്ങളാക്കി മാറ്റിയെടുക്കണമെന്നും എം ബി ഹംസ നിവേദനത്തിലൂടെ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top