Home » പെരുമ്പാവൂരിൽ കോൺഗ്രസിൽ ‘ഫ്ളക്സ് യുദ്ധം’; മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു

പെരുമ്പാവൂരിൽ കോൺഗ്രസിൽ ‘ഫ്ളക്സ് യുദ്ധം’; മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു

പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പെരുമ്പാവൂർ നഗരത്തിൽ കോൺഗ്രസിനുള്ളിൽ ‘ഫ്ളക്സ് യുദ്ധം’ ആരംഭിച്ചു. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നതിനെച്ചൊല്ലിയാണ് ഗ്രൂപ്പ് വൈര്യം പരസ്യമായ പോരിലേക്ക് നീങ്ങുന്നത്.

വോട്ടെണ്ണൽ കഴിഞ്ഞതിന്റെ പിറ്റേദിവസം ‘വി.ഡി.എസ് നയിക്കും’ എന്ന വാചകത്തോടെ വി ഡി സതീശന്റെ ഫ്ളക്സ് ബോർഡുകളാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് മറുപടിയെന്നോണം കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ ഉയർന്നു കഴിഞ്ഞു.

പെരുമ്പാവൂരിലെ കോൺഗ്രസിന്റെ പ്രധാന ഓഫീസായ ഇന്ദിരാ ഭവൻ പരിസരം, ഗാന്ധി സ്ക്വയർ, ഔഷധി ജംഗ്ഷൻ, പോസ്റ്റ് ഓഫീസ് പരിസരം, ആർ.ടി. ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് പുതിയ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം അവരെ പിന്തുണയ്ക്കുന്ന വാചകങ്ങളും ബോർഡുകളിലുണ്ട്.

നേരത്തെ എ, ഐ ഗ്രൂപ്പുകൾ പെരുമ്പാവൂരിൽ ശക്തമായിരുന്നെങ്കിലും കഴിഞ്ഞ കുറെ കാലമായി ഗ്രൂപ്പ് പ്രവർത്തനങ്ങൾ സജീവമായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി വീണ്ടും ഗ്രൂപ്പ് പോര് തെരുവിലേക്ക് എത്തിയതോടെ ഇതിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. പാർട്ടി നേതൃത്വം ഔദ്യോഗികമായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുൻപേയുള്ള ഈ ഫ്ളക്സ് യുദ്ധം വരും ദിവസങ്ങളിൽ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top