ബാംബൂ കോർപ്പറേഷൻ തകർച്ചയിൽ; തൊഴിലാളികൾ പട്ടിണിയിൽ

പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ അവഗണന മൂലം കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷനും ഈറ്റ-പനമ്പ് മേഖലയും പൂർണ്ണമായ തകർച്ചയിലേക്കാണെന്ന് കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി വിജയൻ പി. മുണ്ടിയാത്ത് ആരോപിച്ചു. അഞ്ച് വർഷം മുമ്പ് വിരമിച്ചവർക്ക് പോലും പി.എഫ്, പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക പോലും പ്രൊവിഡന്റ് ഫണ്ടിൽ അടയ്ക്കാത്ത മാനേജ്‌മെന്റ് നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിശ്ശിക തീർക്കാൻ സർക്കാർ മൂന്ന് കോടിയിലധികം രൂപ അനുവദിച്ചിട്ടും ഒരു കോടിയിൽ താഴെയുള്ള പി.എഫ് വിഹിതം അടയ്ക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. 2023-ലെ ഒമ്പത് മാസത്തെ ശമ്പള കുടിശ്ശികയും നൽകാനുണ്ട്.

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ചർച്ച ചെയ്യാൻ പോലും മാനേജിംഗ് ഡയറക്ടർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈറ്റ വെട്ടുന്നതിനുള്ള കരാർ പുതുക്കാത്തതിനാൽ വിതരണം നിലച്ചു. ചേരാനല്ലൂർ ഉൾപ്പെടെയുള്ള നെയ്ത്ത് കേന്ദ്രങ്ങളും തിരുവനന്തപുരത്തെ ഓഫീസും പൂട്ടി. കോടികൾ മുടക്കി സ്ഥാപിച്ച ബാംബൂ ബോർഡ് ഫാക്ടറിയിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാതെ പണികൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കുകയാണ്. ഈ സർക്കാർ വന്നതിന് ശേഷം ഏഴോളം എം.ഡിമാർ വന്നെങ്കിലും സ്ഥാപനത്തിനോ ജീവനക്കാർക്കോ ഒരു ഗുണവും ഉണ്ടായില്ല. ആയുസ്സിന്റെ നല്ലൊരു പങ്കും ഈ മേഖലയിലെ തൊഴിലാളികൾക്കായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ അതീവ ദുഃഖകരമാണെന്ന് വിജയൻ പി. മുണ്ടിയാത്ത് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top