കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ആയിരുന്നു. 2009 ൽ ചാലക്കുടിയിൽ നിന്ന് ലോക്സഭാംഗമായി. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ കെ ആൻറണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയായിരുന്നു കെപി ധനപാലൻ.
കെ.എസ്.യു-വിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കെ.എസ്.യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. തുടർന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിക്കുകയും പാർട്ടിയെ ജില്ലയിൽ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. കെ.പി.സി.സി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2009-ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് പതിനഞ്ചാം ലോക്സഭയിലെത്തിയ അദ്ദേഹം പാർലമെന്റിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. ഇതിനുപുറമെ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും പറവൂർ നഗരസഭയിൽ പത്ത് വർഷത്തോളം കൗൺസിലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നോർത്ത് പറവൂരിൽ 1950 ഏപ്രിൽ 4-ന് ജനിച്ച അദ്ദേഹം ആലുവ യു.സി കോളേജിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. സുമം ധനപാലനാണ് ഭാര്യ. മക്കൾ: പരേതനായ ബ്രിജിത്, മിലാഷ്. സംസ്കാരം പിന്നീട് നടക്കും.
