മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ വഴിയോരക്കച്ചവടക്കാർക്കായി കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ സിഎസ്എംഎൽ നിർമിച്ച കിയോസ്‌കുകൾ ഉപയോഗശൂന്യമായി നശിക്കുന്നു. കൃത്യമായ പരിപാലനമില്ലാത്തതിനെത്തുടർന്ന് കിയോസ്‌കുകൾ തകർന്ന നിലയിലാണ്. ഇതോടെ ഈ പ്രദേശം സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
ബാസ്റ്റ്യൻ ബംഗ്ലാവിനു സമീപം സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകളിലാണ് വ്യാപകമായി മാലിന്യം തള്ളിയിരിക്കുന്നത്. കിയോസ്‌കുകൾ ഗുണഭോക്താക്കളായ കച്ചവടക്കാർക്ക് കൈമാറിയെങ്കിലും ഭൂരിഭാഗവും ഉപയോഗിക്കാത്ത സ്ഥിതിയാണുള്ളത്.
തുരുമ്പിച്ചും തകരാറിലായും കിടക്കുന്ന കിയോസ്‌കുകൾ നീക്കം ചെയ്യണമെന്നും പ്രദേശം ശുചീകരിക്കാൻ കോർപറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആവശ്യം. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കിയോസ്‌കുകൾ നശിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.
