മൂവാറ്റുപുഴ: നഗരത്തിൽ വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പി.ഒ ജംഗ്ഷനിൽ ജനറൽ ആശുപത്രിക്ക് സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഇന്ന് പുലർച്ചെ ഉഗ്രശബ്ദത്തോടെ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. ജലപ്രവാഹത്തിൽ റോഡിലെ ടാറിംഗ് ഇളകി വലിയ കുഴി രൂപപ്പെട്ടു. പി.ഒ ജംഗ്ഷനിലെ സിഗ്നലിന് സമീപം രൂപപ്പെട്ട കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്.
കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. പ്രധാന റോഡിൽ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടത് നഗരത്തിലെ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ളം പാഴാകുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
