ആലുവ: സ്വന്തമായുള്ള ഭൂമിയിൽ സാമ്പത്തിക പരാധീനതമൂലം വീട് നിർമ്മിക്കാൻ സാധിക്കാത്ത വിധവകൾക്കായി അൻവർ സാദത്ത് എംഎൽഎ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ 61-ാമത് വീടിന് തറക്കല്ലിട്ടു. എടത്തല 21-ാം വാർഡ് അൽ അമീൻ നഗറിൽ വിധവയായ അമീനയ്ക്കായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഹാരിസ് ബീരാൻ എംപി നിർവ്വഹിച്ചു. എഎകെ ഇന്റർനാഷണൽ ഗ്രൂപ്പ് എംഡി എഎകെ മുസ്തഫയാണ് ഈ വീട് സ്പോൺസർ ചെയ്തിരിക്കുന്നത്.
അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എഎ മായിൻ, വാർഡ് മെമ്പർ മൈമൂനത്ത് സിദ്ധിക്ക്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹിള വികെ, ജില്ലാ പഞ്ചായത്ത് മെമ്പർ പിഎം നാദിർഷ, പഞ്ചായത്ത് മെമ്പർമാരായ കെഎം ഷംസുദ്ധീൻ, സിഎം അഷ്‌റഫ്, ഷറഫുദ്ധീൻ, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ ആർ രഹൻരാജ്, ഇപി ഷമീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എംഎഎം മുനീർ, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എംകെ ലത്തീഫ്, അഷ്‌റഫ് വള്ളൂരാൻ, സിറാജ്, സിദ്ധിക്ക് എന്നിവർ പങ്കെടുത്തു.
രണ്ട് ബെഡ്‌റൂം, ഹാൾ, കിച്ചൺ, സിറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയർ കേസ് എന്നിവ അടങ്ങുന്ന 510 ചതുരശ്ര അടിയുള്ള വീടാണ് നിർമ്മിക്കുന്നത്. 7.5 ലക്ഷം രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്.
