ചെങ്ങമനാട്: പ്രദേശത്തെ ക്ഷീരകർഷകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചെങ്ങമനാട് മൃഗാശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മൃഗസംരക്ഷണ മേഖലയിൽ മികച്ച സേവനം ലഭ്യമാക്കാൻ പുതിയ മന്ദിരം സഹായിക്കുമെന്നും എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സജീന സുബൈർ സ്വാഗതം ആശംസിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു എന്നിവർ മുഖ്യാതിഥികളായിരുന്നു. മൃഗാശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ കർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എ. ഷിഹാബ്ബ്, മെമ്പർമാരായ ആർ. സുനിൽ കുമാർ, സി.പി. പ്രമോദ് കുമാർ, വെറ്റിനറി ഡോക്ടർ വിഷ്ണുപ്രിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വാർഡുമെമ്പർ ഹുസൈൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെങ്ങമനാട് പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും കർഷകർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ ചികിത്സാസഹായം തടസ്സമില്ലാതെ ലഭിക്കുമെന്ന് ഉറപ്പായി.
