സാമ്രാജ്യത്വ യുദ്ധക്കൊതിക്കെതിരെ ജോയിന്റ് കൗൺസിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

കാക്കനാട്: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സാമ്രാജ്യത്വ യുദ്ധക്കൊതിക്കും അധിനിവേശങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി ജോയിന്റ് കൗൺസിൽ. എറണാകുളം സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിരോധ സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ. അനീഷ് പ്രതിരോധ സദസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലോകസമാധാനത്തിന് ഭീഷണിയാകുന്ന യുദ്ധസന്നദ്ധതകൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ മുഖ്യപ്രഭാഷണം നടത്തി. വർത്തമാനകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ മാനവികതയ്ക്ക് ഏൽപ്പിക്കുന്ന മുറിവുകളെക്കുറിച്ചും ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിശദീകരിച്ചു. സി.കെ. സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി വിജീഷ് ചന്ദ്രൻ സ്വാഗതപ്രസംഗം നടത്തി.

ജില്ലാ കമ്മറ്റിയംഗം തിലകൻ വയലാർ, മിനി കൃഷ്ണൻ, ജിതിൻ ദാസ്, ഷിമ്മി തുടങ്ങിയ പ്രമുഖ നേതാക്കൾ യുദ്ധവിരുദ്ധ പ്രതിരോധ സദസ്സിന് നേതൃത്വം നൽകി. ഭരണഘടനാ മൂല്യങ്ങളും സമാധാനാന്തരീക്ഷവും തകർക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകൾക്കെതിരെ തുടർന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top