കളമശ്ശേരി: യുവാക്കൾ മയക്കുമരുന്നിന് അടിപ്പെടാതെ കായികരംഗത്തേക്ക് തിരിയണമെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ആഹ്വാനം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അന്താരാഷ്ട്ര നിലവാരത്തിലുള്ള നാചുറൽ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനവും 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്കിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്ലറ്റിക് ഗ്രൗണ്ടുകൾ ആരോഗ്യകരമായ കായിക സംസ്കാരം വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടി രൂപയുടെ ധനസഹായത്തോടെ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുണ്‍ എ. യു., സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ വിഷ്ണുരാജ് പി. ഐ.എ.എസ്., കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ, ചീഫ് എഞ്ചിനീയർ അനിൽകുമാർ പി. കെ., കുസാറ്റ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ഋതുപർണ ജെ. ബി എന്നിവർ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങിന് ശേഷം പുതുതായി നിർമ്മിച്ച ഫുട്ബോൾ ടർഫിൽ കുസാറ്റ് വിദ്യാർഥികളുടെ ഫുട്ബോൾ ടൂർണമെന്റ് മന്ത്രി കിക്ക് ഓഫ് ചെയ്തു തുടക്കമിട്ടു.
