സ്വകാര്യ ബസുകളുടെ റൂട്ട് ലംഘനം: പെരുമ്പാവൂരില്‍ പ്രതിഷേധം ശക്തമാക്കി എല്‍.ഡി.എഫ്; അധികൃതർക്ക് നിവേദനം നൽകി

പെരുമ്പാവൂർ: അങ്കമാലി, കാലടി ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ നിശ്ചിത റൂട്ട് ലംഘിച്ച് സർവീസ് നടത്തുന്നതിനെതിരെ പെരുമ്പാവൂർ നഗരസഭയിലെ എൽ.ഡി.എഫ് പ്രതിനിധികൾ പ്രതിഷേധം ശക്തമാക്കുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ ആർ.ടി.ഒ, പെരുമ്പാവൂർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്, തഹസിൽദാർ എന്നിവർക്ക് ജനപ്രതിനിധികൾ നിവേദനം സമർപ്പിച്ചു. ബസുകൾ റൂട്ട് മാറ്റിയോടുന്നത് യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്.

റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കാഞ്ഞിരക്കാട് ജങ്ഷനിൽ നിന്നും ബസിൽ കയറിയ വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം പ്രതിഷേധം ഇരട്ടിയാക്കി. ആശുപത്രി ജങ്ഷനിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട വീട്ടമ്മയെ ബസ് ജീവനക്കാർ ബലം പ്രയോഗിച്ച് വഴിയിൽ ഇറക്കിവിട്ടതായാണ് പരാതി. ഇതിനിടെ റോഡിൽ വീണ് പരിക്കേറ്റ ഇവർ പെരുമ്പാവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. റൂട്ട് ലംഘനം ചോദ്യം ചെയ്യുന്ന യാത്രക്കാർക്കു നേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് എൽ.ഡി.എഫ് പ്രതിനിധികൾ വ്യക്തമാക്കി.

റൂട്ട് തെറ്റിച്ച് ജി.കെ പിള്ള റോഡ് വഴി സർവീസ് നടത്തിയ സ്വകാര്യ ബസുകൾ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതോടെ ബസുകൾ കടുവാൾ ജങ്ഷനിൽ നിന്നും തിരിഞ്ഞുപോകുന്ന സാഹചര്യം നിലവിലുണ്ട്. അധികൃതർ നിശ്ചിത റൂട്ടിലൂടെയുള്ള സർവീസ് ഉറപ്പാക്കിയില്ലെങ്കിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൽ.ഡി.എഫ് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top