ഏലൂർ: വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ട് ഏലൂർ നഗരസഭയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാ ബാബുവാണ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ നഗരസഭാ മന്ദിര സമുച്ചയത്തിന്റെ നിർമ്മാണം, പാർപ്പിടം, ആരോഗ്യ-ശുചിത്വ മേഖലകൾ, ദാരിദ്ര്യ ലഘൂകരണം തുടങ്ങിയവയ്ക്കാണ് ബജറ്റിൽ പ്രമുഖസ്ഥാനം നൽകിയിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച ബജറ്റിൽ 94.40 കോടി രൂപ വരവും 90.71 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 3.69 കോടി രൂപ നീക്കിയിരിപ്പും ബജറ്റ് വിഭാവനം ചെയ്യുന്നു.
കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ ഡി.പി.ആർ പ്രകാരമുള്ള പുതിയ നഗരസഭാ മന്ദിര സമുച്ചയം പൂർത്തിയാക്കുന്നതിനായി 14.95 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നൽകുന്ന ബജറ്റിൽ വിവിധ മരാമത്ത് പ്രവൃത്തികൾക്കായി 18.20 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ പാതാളത്തെ പൊതുശ്മശാനം നവീകരിക്കുന്നതിന് 10 ലക്ഷം രൂപയും വിവിധ വാർഡുകളിൽ സോളാർ എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, വൈദ്യുതി ലൈൻ ദീർഘിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ആരോഗ്യ-മാലിന്യ സംസ്കരണ മേഖലകൾക്കായി 2.11 കോടി രൂപയും ബജറ്റ് വകയിരുത്തുന്നു.
സാമൂഹിക ക്ഷേമ പദ്ധതികൾക്കായി വലിയൊരു തുക ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായം, വിദ്യാർത്ഥികൾക്ക് പഠനമുറി, സ്കോളർഷിപ്പ്, ലാപ്ടോപ്പ് വിതരണം എന്നിവയ്ക്കായി 2.02 കോടി രൂപ ചെലവഴിക്കും. ഭവനരഹിതർക്ക് വീട് നൽകുന്നതിനും നിലവിലെ വീടുകളുടെ അറ്റകുറ്റപ്പണികൾക്കുമായി 2.01 കോടി രൂപയും ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കായി 1.69 കോടി രൂപയും നീക്കിവെച്ചു. വനിതാ ശിശുക്ഷേമത്തിന് 72.75 ലക്ഷം രൂപയും വയോജന ക്ഷേമത്തിനായി 34 ലക്ഷം രൂപയും പട്ടികവർഗ്ഗ വികസനത്തിനായി 5.54 ലക്ഷം രൂപയും നിർദ്ദേശിച്ചിട്ടുണ്ട്.
കാർഷിക-മൃഗസംരക്ഷണ മേഖലകൾക്കായി 49.14 ലക്ഷം രൂപ നീക്കിവെച്ച ബജറ്റിൽ കുടിവെള്ള വിതരണത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. അമൃത് പദ്ധതിയിലൂടെ ലഭ്യമാകുന്ന 8.07 കോടി രൂപയ്ക്ക് പുറമെ കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കാൻ 25 ലക്ഷം രൂപ കൂടി വകയിരുത്തി. വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം തുടങ്ങിയ മേഖലകൾക്കായി 99.50 ലക്ഷം രൂപയും ദുരന്തനിവാരണത്തിനും പുഴ നവീകരണത്തിനുമായി 7 ലക്ഷം രൂപയും മാറ്റിവെച്ചു. ബജറ്റിന്മേലുള്ള വിശദമായ ചർച്ച വെള്ളിയാഴ്ച നടക്കും.
