കോതമംഗലം: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തി മേഖലയായ നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷൻ പ്രവർത്തനസജ്ജമായി. സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. മേഖലയിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്.
കവളങ്ങാട് പഞ്ചായത്ത് പരിധിക്ക് പുറമെ കീരംപാറ, കുട്ടമ്പുഴ, കഞ്ഞിക്കുഴി, അടിമാലി, വണ്ണപ്പുറം തുടങ്ങിയ പഞ്ചായത്തുകൾക്കും പുതിയ ഫയർ സ്റ്റേഷന്റെ സേവനം ലഭ്യമാകും. അപകടമേഖലകളും വനപ്രദേശങ്ങളും ഉൾപ്പെടുന്ന ഈ പ്രദേശങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം രക്ഷാപ്രവർത്തനം എത്തിക്കാൻ പുതിയ സ്റ്റേഷൻ സഹായകമാകും. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാപാരി വ്യവസായി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ഫയർ ഫോഴ്സ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൻസ് നന്ദി രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പുതിയ ഫയർ സ്റ്റേഷൻ വലിയ ചുവടുവെപ്പാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
