റോഡ് വികസനം സ്വന്തം അക്കൗണ്ടിലാക്കാൻ എംഎൽഎയുടെ ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ

പിറവം: തോമസ് ചാഴികാടൻ എംപി ആയിരുന്നപ്പോൾ കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ റോഡ് വികസന പദ്ധതികൾ സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ പിറവം എംഎൽഎ ശ്രമിക്കുന്നതായി ആക്ഷേപം. നടക്കാവ് – കൂത്താട്ടുകുളം സംസ്ഥാന പാതയിലെ പേപ്പതിയിൽ നിന്ന് ആരംഭിച്ച് തിരുമറയൂർ – ഒലിപ്പുറം – തൃപ്പക്കുടം വഴി വട്ടപ്പാറയിലെത്തുന്ന റോഡ് നവീകരണമാണ് എംഎൽഎ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ നേട്ടമായി ഉയർത്തിക്കാട്ടുന്നത്.

20 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ഈ റോഡ് നിർമ്മാണം നടക്കുന്നത്. തോമസ് ചാഴികാടൻ എംപി ആയിരിക്കെ നിരവധി അവലോകന യോഗങ്ങൾ വിളിച്ചുചേർത്താണ് ഈ പദ്ധതിയുടെ തടസ്സങ്ങൾ നീക്കിയത്. റോഡ് പൂർത്തിയാകുന്നതോടെ വെള്ളൂർ, തലയോലപ്പറമ്പ്, വൈക്കം ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാകും.

അനാസ്ഥയ്ക്കുശേഷം റീൽസുമായി എംഎൽഎ റോഡ് നവീകരണം തുടങ്ങി ഒന്നര വർഷം പിന്നിട്ടിട്ടും ജൽ ജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കലും വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതും ഉൾപ്പെടെയുള്ള തടസ്സങ്ങൾ പരിഹരിക്കാൻ എംഎൽഎയോ പഞ്ചായത്ത് ഭരണസമിതിയോ തയ്യാറായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ടാറിങ് ആരംഭിച്ചപ്പോൾ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ ‘റീൽസു’മായി എത്തിയതല്ലാതെ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി വേഗത്തിലാക്കാൻ എംഎൽഎ ഇടപെട്ടില്ലെന്നാണ് ആരോപണം.

നവീകരണത്തിലുള്ള മറ്റ് റോഡുകൾ: പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പാമ്പാക്കുട, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ച് റോഡുകളുടെ നിർമ്മാണം കൂടി നടക്കുന്നുണ്ട്:

  • ഇലഞ്ഞി: കൊച്ചേരിത്താഴം – പള്ളത്തുകുഴി – ചീപ്പുംപടി – വളയാമ്പറയിൽ റോഡ് (2.91 കോടി)
  • തിരുമാറാടി: ചെറ്റേപ്പീടിക – തട്ടേക്കാട് – മണ്ണത്തൂർ (2.74 കോടി)
  • മുളന്തുരുത്തി – മണീട്: മേമ്മുഖം – ആരക്കുന്നം (3.60 കോടി)
  • മണീട്: വെട്ടിക്കൽ – മുടക്കോട്ടിച്ചിറ (11.75 കോടി)
  • പാമ്പാക്കുട: ശിവലി – ശൂലം – ആൽപ്പാറ റോഡ് (2.41 കോടി – പൂർത്തിയായി)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top