കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ. ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിച്ചത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ ഇമ്രാൻ ഖാൻ നേടിയ ഗോളാണ് ചെന്നൈയിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്. ഇതോടെ ലീഗിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, നിർണായക ജയത്തോടെ ചെന്നൈയിൻ എഫ്സി പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ചു.
മുന്നേറ്റ നിരയിൽ മുഹമ്മദ് അജ്സലിനെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലിറങ്ങിയത്. ബെർട്ടോമിയുവിനൊപ്പം അജ്സൽ ആക്രമണം നയിച്ചപ്പോൾ കെവിൻ യോക്ക് മധ്യനിരയിൽ കളി മെനഞ്ഞു. വിപിൻ മോഹനൻ, നിഹാൽ സുധീഷ് എന്നിവരടങ്ങിയ മികച്ച നിരയെയാണ് പരിശീലകൻ പരീക്ഷിച്ചതെങ്കിലും ഫലം അനുകൂലമായില്ല. ആദ്യ പകുതിയിൽ ചെന്നൈയിൻ എഫ്സിയുടെ ആധിപത്യമാണ് മൈതാനത്ത് കണ്ടത്. ഇടയ്ക്ക് ചില മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. 20-ാം മിനിറ്റിൽ ലഭിച്ച സുവർണ്ണാവസരം ഗോളാക്കി മാറ്റാൻ അജ്സലിന് സാധിക്കാതെ പോയത് ആരാധകരെ നിരാശരാക്കി.
മറുവശത്ത്, ചെന്നൈയിൻ താരം ഇമ്രാൻ ഖാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ഒടുവിൽ 42-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ഇമ്രാൻ തൊടുത്ത ഷോട്ട് പ്രതിരോധ താരം ഹോർമിപാമിന്റെ തലയിൽ തട്ടി ദിശമാറി ബ്ലാസ്റ്റേഴ്സ് വലയിൽ പതിക്കുകയായിരുന്നു. ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിയതോടെ ചെന്നൈയിൻ മത്സരത്തിൽ ലീഡ് നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയിൻ ഗോളി മുഹമ്മദ് നവാസിന്റെ മിന്നുന്ന പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ വഴിമുടക്കി. പത്താം നമ്പർ താരം റൗളിൻ ബോർജസിലൂടെ ലഭിച്ച അവസരങ്ങളും ലക്ഷ്യം കാണാതെ പോയതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ മറ്റൊരു തോൽവി കൂടി ഏറ്റുവാങ്ങേണ്ടി വന്നു. ഇനി ഈ മാസം 14-ന് ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
