തൃപ്പൂണിത്തുറ: നഗരസഭയിലെ മാലിന്യ പ്രശ്നവും മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയും ഉന്നയിച്ച് ഭരണകക്ഷിയായ ബിജെപിക്കെതിരെ എൽഡിഎഫും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഇതോടെ പി ബാബുവിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതിയുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരം പൂർണമായി നാറുകയാണെന്ന് ആരോപിച്ച് ഒരു ദിവസത്തെ ഇടവേളയിലാണ് ഇരുമുന്നണികളും നഗരസഭാ ഓഫീസിന് മുന്നിൽ സമരം നടത്തിയത്.
യുഡിഎഫിന്റെ പ്രതിഷേധ പരിപാടി മുൻമന്ത്രി കെ ബാബുവും എൽഡിഎഫിന്റെ പ്രതിഷേധം ഏരിയാ സെക്രട്ടറി പി വാസുദേവനും ഉദ്ഘാടനം ചെയ്തു. ഇരുമുന്നണികളും ഒരേസമയം നിലപാട് കടുപ്പിച്ചതോടെ നഗരസഭയിൽ ഉടൻ തന്നെ അവിശ്വാസ പ്രമേയം വന്നേക്കുമെന്നാണ് സൂചന.
നിലവിലെ കക്ഷിനില
ആകെ 53 അംഗങ്ങളുള്ള തൃപ്പൂണിത്തുറ നഗരസഭയിലെ നിലവിലെ കക്ഷിനില താഴെ പറയുന്നപ്രകാരമാണ്:
| മുന്നണി / കക്ഷി | സീറ്റുകളുടെ എണ്ണം |
| എൻഡിഎ (ബിജെപി) | 21 |
| എൽഡിഎഫ് | 20 |
| യുഡിഎഫ് | 12 |
മുൻപ് നടന്ന വിശ്വാസ വോട്ടെടുപ്പിൽ യുഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോക്ക് നടത്തിയതോടെയാണ് എൻഡിഎയ്ക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കും എൻഡിഎ ഭരണത്തിന്റെ ആയുസ്സ് എന്ന് അന്ന് മുതൽക്കേ രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ വിമർശനം:
അതേസമയം, എൻഡിഎ ഭരണത്തിനെതിരെ ഇരുമുന്നണികളും പങ്കുവെച്ച പ്രതിഷേധ പോസ്റ്ററുകൾക്ക് താഴെ ജനങ്ങളുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്. ഇരുമുന്നണികളും ഒത്തുകളിച്ച് അവസരം നൽകിയതുകൊണ്ടാണ് എൻഡിഎ ഭരണത്തിലേറ്റിയതെന്നും, ഇപ്പോൾ ഉന്നയിക്കുന്ന മാലിന്യപ്രശ്നങ്ങൾ മുൻപ് എൽഡിഎഫും യുഡിഎഫും ഭരിച്ച കാലത്തും സമാനരീതിയിൽ തന്നെയയായിരുന്നു എന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങൾ ഓർമ്മിപ്പിക്കുന്നത്.

