പള്ളുരുത്തി: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ഏക പൊതുവിശ്രമകേന്ദ്രമായ ‘കുമ്പളങ്ങി പാർക്ക്’ അധികൃതരുടെ കടുത്ത അവഗണനയെത്തുടർന്ന് നാശത്തിന്റെ വക്കിൽ. പാർക്ക് നവീകരിക്കുന്നതിനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ നിലവിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി ആളുകൾ എത്തിയിരുന്ന ഈ വിനോദസഞ്ചാര കേന്ദ്രം ഇപ്പോൾ പൂർണ്ണമായും കാടുകയറി മൂടിയ നിലയിലാണ്.
ലക്ഷങ്ങൾ വാങ്ങി ലേലം വിളി; നവീകരണത്തിന് ഒരുകാശുമില്ല
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പാർക്കിനുള്ളിലെ ഹോട്ടൽ കെട്ടിടം ലക്ഷങ്ങൾ വാങ്ങിയാണ് ലേലത്തിൽ നൽകിയിരുന്നത്. എന്നാൽ ഈ ഇനത്തിൽ പഞ്ചായത്തിന് വലിയ തുക വരുമാനമായി ലഭിച്ചിട്ടും പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു രൂപ പോലും ചിലവഴിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഹോട്ടൽ നടത്തിപ്പുകാരിൽ നിന്ന് കൃത്യമായി പണം ഈടാക്കുമ്പോഴും പാർക്കിന്റെ വികസനത്തോട് ഭരണസമിതി പുലർത്തുന്ന വിമുഖതയ്‌ക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കാടുകയറി പാർക്ക്; ഇപ്പൊൾ സാമൂഹ്യവിരുദ്ധരുടെ താവളം
പാർക്ക് കൃത്യമായി പരിപാലിക്കാത്തതിനാൽ കാടുകയറി മൂടിയ അവസ്ഥയിലാണ്. ഇതിനുപുറമേ പാർക്കിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ പാർക്ക് പൂർണ്ണമായും ഇരുട്ടിലാകുന്നത് മുതലെടുത്ത് ഇവിടം സാമൂഹ്യവിരുദ്ധരും ലഹരിസംഘങ്ങളും താവളമാക്കുകയാണ്. രാത്രികാലങ്ങളിൽ ഈ വഴി നടന്നുപോകാൻ പോലും സാധിക്കാത്ത അത്രയും ഭീതിജനകമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ യാതൊരുവിധ സുരക്ഷിതത്വവും ഇവിടെ ലഭിക്കുന്നില്ല.
കെ.ജെ. മാക്സി എംഎൽഎയുടെ മാസ്റ്റർ പ്ലാനും അട്ടിമറിച്ചു
ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തി കുമ്പളങ്ങി പാർക്കിന്റെ സമഗ്ര വികസനത്തിനായി മുൻപ് കെ.ജെ. മാക്സി എംഎൽഎ ആയിരുന്നപ്പോൾ പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതികൾ രൂപീകരിച്ചിരുന്നു. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി പാർക്ക് ആധുനിക രീതിയിൽ പുനരുദ്ധരിക്കാനായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പിന്നീട് വന്ന ഭരണസമിതികളുടെ താല്പര്യക്കുറവും ഫോളോ-അപ്പുകളുടെ അഭാവവും കാരണം ആ പദ്ധതികൾ എല്ലാം ഇപ്പോൾ ചുവപ്പുനാടയിൽ കുടുങ്ങി പൂർണ്ണമായും അട്ടിമറിക്കപ്പെട്ട നിലയിലാണ്.
അടിയന്തര നവീകരണം വേണമെന്ന ആവശ്യം ശക്തം
കുമ്പളങ്ങിയുടെ ടൂറിസം സാധ്യതകൾക്ക് വലിയ തിരിച്ചടിയാകുന്ന രീതിയിലാണ് പാർക്കിന്റെ ഇപ്പോഴത്തെ കിടപ്പ്. പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് പാർക്കിലെ കാടുകൾ വെട്ടിത്തെളിക്കാനും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് വെളിച്ചം ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും തീരുമാനം.
