മൂവാറ്റുപുഴ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ മുസ്ലിം ലീഗിന്റെ പരസ്യ പ്രതിഷേധം. കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്നുമുള്ള കുഴൽനാടന്റെ പ്രസ്താവനയാണ് ലീഗ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
ഇന്നലെ ആയവന ഗ്രാമപഞ്ചായത്തിലെ പുന്നമറ്റത്ത് ലീഗ് – യൂത്ത് ലീഗ് പ്രവർത്തകർ മാത്യു കുഴൽനാടന്റെ ചിത്രം കത്തിച്ചു. പുന്നമറ്റത്ത് ലീഗ് സ്ഥാപിച്ചിരുന്ന വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പമുള്ള ഫ്ളക്സ് ബോർഡിൽ നിന്ന് മാത്യു കുഴൽനാടന്റെ ചിത്രം നീക്കം ചെയ്യുകയും ചെയ്തു.
“കുഴൽനാടാ മൂരാച്ചി ലീഗിനോട് വേണ്ടാട്ടോ, ലീഗിനോട് പോരിന് വന്നാൽ വീട്ടിൽ കയറ്റി ഇരുത്തും” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം. വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ലീഗ് നിലപാടിനെതിരെ കെ സി വേണുഗോപാൽ പക്ഷത്തു നിൽക്കുന്ന മാത്യു കുഴൽനാടൻ രംഗത്തെത്തിയതാണ് തർക്കങ്ങൾക്ക് കാരണമായത്.
പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലീഗ് പ്രവർത്തകർ രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎയായി ചുമതലയേൽക്കുന്നതിന് മുൻപേ തന്നെ മണ്ഡലത്തിലെ ലീഗ് പ്രവർത്തകർ കുഴൽനാടനെതിരെ രംഗത്തിറങ്ങിയത് യുഡിഎഫിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
