കളമശ്ശേരി: രാജ്യത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും കേരളത്തിന്റെ അതിജീവനത്തെ തുരങ്കം വെക്കുന്ന പ്രതിപക്ഷ നിലപാടുകൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നീറിക്കോട് സംഘടിപ്പിച്ച ബഹുജന സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം.
ലോക രാജ്യങ്ങൾക്കിടയിൽ ദാരിദ്ര്യ സൂചികയിൽ ഇന്ത്യ പിന്നോട്ട് പോകുമ്പോൾ, കേരളം എങ്ങനെ അതിദാരിദ്ര്യ മുക്തമായി എന്നത് ലോകത്തെ അത്ഭുതപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “രാജ്യം ഭരിക്കുന്നവരുടെ കോർപ്പറേറ്റ് ദാസ്യം സാധാരണക്കാരനെ പാപ്പരാക്കുന്നു. എല്ലാ മുൻഗണനകളും വൻകിട മുതലാളിമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ബി.ജെ.പി സർക്കാർ, പാവപ്പെട്ടവന്റെ വയറ്റത്തടിക്കുകയാണ്,” അദ്ദേഹം തുറന്നടിച്ചു.
കേരളം മഹാപ്രളയത്തിൽ വിറങ്ങലിച്ചു നിന്നപ്പോൾ സഹായിക്കാൻ തയ്യാറായ വിദേശ രാജ്യങ്ങളെപ്പോലും തടഞ്ഞ കേന്ദ്ര നിലപാട് ക്രൂരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇതിന് കൂട്ടുനിന്ന കോൺഗ്രസ് കേരളത്തോടുള്ള പകയാണ് പ്രകടിപ്പിച്ചത്. ജനസംഖ്യയുടെ 2.5 ശതമാനമുള്ള കേരളത്തിന് അർഹമായ നികുതി വിഹിതം നൽകാതെ 1.9 ശതമാനത്തിൽ ഒതുക്കി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വർഷം കളമശ്ശേരിയുടെ വികസനക്കുതിപ്പിന് ചുക്കാൻ പിടിച്ച പി. രാജീവ് കേരളത്തിന് ലഭിച്ച അമൂല്യമായ സംഭാവനയാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. വ്യവസായ രംഗത്തും മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും രാജീവ് കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ തുടരാൻ വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വീണ്ടും നിയമസഭയിലെത്തിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾക്കും ജനസാഗരത്തിനുമിടയിൽ നടന്ന സമ്മേളനം കളമശ്ശേരിയുടെ രാഷ്ട്രീയ ചിത്രം ഇടത്തോട്ട് ചായുന്നതിന്റെ വ്യക്തമായ സൂചനയായി മാറി.
