മൂവാറ്റുപുഴ: ഇളകിയാടുന്ന രാഷ്ട്രീയ ചതുരംഗക്കളത്തിൽ മൂവാറ്റുപുഴ തിരിച്ചുപിടിക്കാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സമാനതകളില്ലാത്ത പോരാളിയെ! സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ എൽഡിഎഫ് സാരഥിയായി ഗോദയിലിറങ്ങുമ്പോൾ, കോട്ട കാക്കാമെന്ന യുഡിഎഫിന്റെ മോഹം വെറും ഫ്ലെക്സ് ബോർഡുകളിൽ ഒതുങ്ങുമോ എന്ന ആശങ്കയിലാണ് അണികൾ. ഇടതു സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി മൂവാറ്റുപുഴ മാറിയപ്പോൾ, വികസനത്തിന്റെ യഥാർത്ഥ നാഥൻ ആരെന്ന ചോദ്യത്തിന് ജനം പോളിംഗ് ബൂത്തിൽ മറുപടി നൽകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു ക്യാമ്പ്.
ഫ്ലെക്സിലല്ല വികസനം; എൽഡിഎഫ് ആഞ്ഞടിക്കുന്നു!
സർക്കാർ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ സ്വന്തം പോക്കറ്റിലാക്കി ‘ക്രെഡിറ്റ്’ അടിച്ചെടുക്കുന്ന എംഎൽഎയുടെ തന്ത്രം ഇനി ഇവിടെ ചെലവാകില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഫ്ലെക്സ് ബോർഡുകളിൽ മാത്രം വികസനം വിളമ്പുന്ന എംഎൽഎയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. പട്ടണം പുത്തൻ നിരവാരത്തിലേക്കുയർന്നതും നാടിന്റെ മുഖച്ഛായ മാറിയതും ഇടതു സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ കാരണമാണെന്നും, ഇത് മൂവാറ്റുപുഴയിലെ ഓരോ വോട്ടർക്കും വ്യക്തമാണെന്നും അരുൺ ഉറപ്പിച്ചു പറയുന്നു.
കെട്ടിയിറക്കിയതല്ല, കനലിൽ മുളച്ച നേതാവ്!
എതിരാളികളെ വിറപ്പിക്കുന്നത് എൻ അരുണിന്റെ കരുത്തുറ്റ പാരമ്പര്യമാണ്. ബാലവേദിയിലൂടെ തുടങ്ങി, എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്ഥാന തലപ്പത്തെത്തി വിപ്ലവം തീർത്ത അരുൺ, വിദ്യാർത്ഥി – യുവജന പോരാട്ടങ്ങളുടെ കനൽവഴികളിലൂടെയാണ് വളർന്നത്. 2015-ൽ യുഡിഎഫ് കോട്ടയായ വാളകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായി അട്ടിമറി വിജയം നേടിയ ചരിത്രം അരുണിന് പിന്നിലുണ്ട്. അന്ന് കാഴ്ചവെച്ച വികസന മാതൃകകൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാരുടെ ഉള്ളിൽ ഇപ്പോഴും എരിയുന്നു.
കലയും വിപ്ലവവും ഇഴചേർന്ന രാഷ്ട്രീയ മുഖം!
ഒരു വെറും രാഷ്ട്രീയക്കാരനല്ല എൻ അരുൺ; ജനഹൃദയങ്ങൾ തൊട്ടറിയുന്ന കലാകാരൻ കൂടിയാണ്. എഴുത്തുകാരനായും നാടകക്കാരനായും സിനിമ സംവിധായകനായും (അവകാശികൾ, ഷെൽട്ടർ തുടങ്ങിയവ) തിളങ്ങിയ അരുണിന് സാമൂഹിക-സാംസ്‌കാരിക മേഖലകളിലും വലിയ സ്വാധീനമുണ്ട്. മികച്ച സംഘാടകൻ എന്ന നിലയിൽ സിപിഐ ജില്ലാ സെക്രട്ടറിയായി തിളങ്ങുന്ന ഈ യുവനേതാവ്, മൂവാറ്റുപുഴയെ വീണ്ടെടുക്കാനുള്ള പടയോട്ടത്തിൽ വിജയതിലകം ചാർത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം.
മൂവാറ്റുപുഴയിൽ വികസനത്തിന്റെ പുതിയ അധ്യായം കുറിക്കാൻ അരുൺ എത്തുമ്പോൾ, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഒരു വൻ സ്ഫോടനത്തിനാണ്!
