കൊച്ചി: വ്യവസായ മന്ത്രി പി രാജീവിന്റെ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി കളമശേരി നഗരസഭയുമായി സഹകരിച്ച് ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ രണ്ട് സ്മാർട്ട് ബസ് ഷെൽട്ടറുകൾ ഒരുക്കി ഇൻഡൽ മണി. ആലുവ, എറണാകുളം ഭാഗങ്ങളിലേക്ക് റോഡിന്റെ ഇരുവശങ്ങളിലുമായി പരസ്പരം അഭിമുഖമായാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
തിരഞ്ഞെടുത്ത സ്വകാര്യ ബസ് സർവീസുകൾക്കും മെട്രോ ട്രെയിനുകൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന ക്യൂആർ കോഡ് സൗകര്യമുള്ള കിയോസ്കുകൾ ഇവിടെയുണ്ട്. ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകളിലൂടെ ബസ്, മെട്രോ സർവീസുകളുടെ തത്സമയ വിവരങ്ങൾ അറിയാം. സുരക്ഷയ്ക്കായി കളമശേരി പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ച സിസിടിവി നിരീക്ഷണം, സ്മാർട്ട് ലൈറ്റിംഗ്, മൊബൈൽ ചാർജിംഗ്, ഇൻബിൽറ്റ് സ്പീക്കറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വൈദ്യുതിക്കായി സൗരോർജ്ജ സംവിധാനമാണ് ഉപയോഗിക്കുന്നത്.
