കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സമാപിച്ച 65-ാമത് സംസ്ഥാന പോളിടെക്‌നിക് കോളജ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ഗവ. പോളിടെക്‌നിക് കോളജ് ഓവറോൾ കിരീടം നേടി. 83 പോയിന്റുകൾ നേടിയാണ് പാലക്കാട് ഒന്നാമതെത്തിയത്. 50 പോയിന്റ് നേടിയ പയ്യന്നൂർ റെസിഡൻഷ്യൽ വിമൺസ് പോളിടെക്‌നിക് കോളജ് റണ്ണേഴ്‌സ് അപ്പായി. 47 പോയിന്റോടെ ആലപ്പുഴ കാർമൽ പോളിടെക്‌നിക് കോളജിനാണ് മൂന്നാം സ്ഥാനം.
പുരുഷ വിഭാഗത്തിൽ അളഗപ്പനഗർ ത്യാഗരാജർ പോളിടെക്‌നിക് കോളജ് (38 പോയിന്റ്) ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ പയ്യന്നൂർ വിമൺസിനെ പിന്തള്ളി പാലക്കാട് ഗവ. പോളിടെക്‌നിക് (51 പോയിന്റ്) കിരീടം ചൂടി.
മൂവാറ്റുപുഴ ഇലാഹിയ പോളിടെക്‌നിക്കിലെ ആദിത്യൻ കെ ബി (200 മീറ്റർ, ലോങ്ജമ്പ്, ട്രിപ്പിൾ ജമ്പ്), വെണ്ണിക്കുളം എംവിജിഎം ഗവ. പോളിടെക്‌നിക്കിലെ വൈഷ്ണവ് വി വി (1500, 5000, 10,000 മീറ്റർ) എന്നിവർ പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യൻപട്ടം പങ്കിട്ടു. കോഴിക്കോട് ഗവ. പോളിടെക്‌നിക്കിലെ അഞ്ജലി വിജയൻ വി എസ് (100, 200 മീറ്റർ, ലോങ്ജമ്പ്) മികച്ച പെൺതാരമായി തിരഞ്ഞെടുക്കപ്പെട്ടു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ആനി എബ്രഹാം സമാപന ചടങ്ങിൽ മുഖ്യാതിഥിയായി. കളമശേരി എസ്ഐടിടിആർ ഡെപ്യൂട്ടി ഡയറക്ടർ ദീപ കെ ആർ, കെപിസിഎസ്ജി സെക്രട്ടറി എ മുഹമ്മദ് ഷിജു, ജോയിന്റ് സെക്രട്ടറി നെഗുൽ ബ്രൈറ്റ് പിഎസ്, അത്‌ലറ്റിക്‌സ് കൺവീനർ രഞ്ജി തുടങ്ങിയവർ സംസാരിച്ചു. വിജയികൾ സൗത്ത് സോൺ ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കും.
