മത്സ്യബന്ധന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു; എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വൈപ്പിൻ: ചെല്ലാനം പടിഞ്ഞാറ് ഭാഗത്ത് കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിനുമേൽ മറ്റൊരു ബോട്ടിടിച്ച് തകർത്തു. അപകടത്തിൽ ‘റാബ് സ് സീ’ (എഎൽബി മാത) എന്ന ബോട്ട് രണ്ടായി പിളർന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന എട്ട് തൊഴിലാളികളെ സമീപത്ത് നങ്കൂരമിട്ടിരുന്ന ‘ജിയോമോൾ’ എന്ന ബോട്ടിലെ തൊഴിലാളികൾ എത്തിയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

തെക്കുഭാഗത്തുനിന്ന് വല വലിച്ചു വടക്കോട്ട് നീങ്ങുകയായിരുന്ന ഒരു ഇരുമ്പ് ബോട്ടാണ് അപകടമുണ്ടാക്കിയതെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. അപകടത്തിന് പിന്നാലെ ഇടിച്ച ബോട്ട് ലൈറ്റുകളെല്ലാം അണച്ച് അതിവേഗം വടക്ക് ദിശയിലേക്ക് ഓടിച്ചുപോയതിനാൽ ബോട്ടിന്റെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ബോട്ടുടമ കന്യാകുമാരി സ്വദേശി ഓസ്റ്റിൻ ഫ്രാൻസിസ് വ്യക്തമാക്കി.

മുരുക്കുംപാടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണ്ണമായും തകർന്നതോടെ ഏകദേശം 16 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top