ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ എൽ.പി സ്‌കൂളിൽ ആധുനിക ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

കൊച്ചി: ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ആധുനിക ശുചിമുറി സമുച്ചയം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ (PWD) മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ സമുച്ചയം സ്കൂളിലെ ശുചിത്വ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കും.

പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ നിർണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കൃത്യമായ പദ്ധതിയോടെ നടപ്പാക്കിയ ഈ ശുചിമുറി സമുച്ചയം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ആരോഗ്യ-ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മേഖലയിലെ ഇത്തരം വികസന പ്രവർത്തനങ്ങൾ വരും നാളുകളിലും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി വാരിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റ് ജെയിംസ് ചർച്ച് വികാരി റവ. ഫാദർ ക്യാപ്പിസ്റ്റാൻ ലോപ്പസ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഷാ കരീം, വാർഡ് മെമ്പർമാരായ രാജേഷ് കെ.ജി, റോസ് മേരി, ബെന്നി ഫ്രാൻസിസ്, ഹെഡ് മാസ്റ്റർ ജോണി തൈക്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top