Posted in

എസ്‌സി വനിതാ ഹോസ്റ്റൽ നാടിന്‌ സമർപ്പിച്ചു

കൊച്ചി; വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി കൊച്ചിയിൽ തങ്ങുന്ന പട്ടികജാതി വനിതകൾക്കാശ്വാസമായി ‘എസ്‌സി വനിതാ ഹോസ്റ്റൽ’ യാഥാർഥ്യമായി. കൊച്ചി കോർപറേഷന്റെ അഭിമാനപദ്ധതി എറണാകുളം നോർത്ത്‌ പൊലീസ്‌ സ്റ്റേഷന്‌ എതിർവശം കെ കെ പത്മനാഭൻ റോഡിലാണ് നിർമിച്ചിരിക്കുന്നത്‌. മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.

കോർപറേഷന്റെ പട്ടികജാതി വികസന ഫണ്ടിൽനിന്ന്‌ 6.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂ‍ർത്തീകരിച്ചത്‌. മുൻ ഭരണസമിതിയുടെ കാലത്ത്‌ നാലുകോടി ചെലവിൽ കെട്ടിടനിർമാണം പൂർത്തിയാക്കിയിരുന്നു. വൈദ്യുതീകരണം, പ്ലംബിങ്‌ പ്രവൃത്തികൾക്ക് 1.7 കോടി രൂപയും ഫർണിഷിങ്ങിന് ഒരുകോടി രൂപയുമടക്കം 2.7 കോടി രൂപ ചെലവഴിച്ചാണ്‌ നിലവിലെ ഭരണസമിതി കെട്ടിടം പൂർത്തിയാക്കിയത്‌. താഴത്തെനില കൂടാതെ നാലുനിലകളോടുകൂടിയ കെട്ടിടത്തിൽ 24 ഡബിൾ റൂമും വാർഡന്റെ റൂമും അടക്കം ആകെ 25 മുറികളും നാല്‌ ഡോർമിറ്ററികളുമാണുള്ളത്‌. ഡോർമിറ്ററികളിൽ 32 പേർക്ക്‌ താമസിക്കാനാകും. ഹോസ്‌റ്റലിൽ ഒരേസമയം 128 പേർക്ക് താമസിക്കാം. 200 രൂപയ്ക്ക് ഡബിൾ റൂമും 100 രൂപയ്ക്ക് ഡോർമിറ്ററി ബെഡുകളും ലഭ്യമാകും.

ആധുനികസൗകര്യങ്ങളോടെ

​റിസപ്ഷൻ ഏരിയ, വായനമുറി, സന്ദർശക മുറി, ഹാൾ, ഡൈനിങ്‌ റൂം, അടുക്കള, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങളും ഹോസ്റ്റലിലുണ്ടാകും. ഓരോ റൂമിലും നാല് കട്ടിൽ, രണ്ട് മേശ, കസേരകൾ, ഡ്രസ്സിങ് ടേബിള്‍, അലമാര തുടങ്ങിയവയുണ്ട്‌. നാല് ഡബിൾ ഡെക്കർ കട്ടിലുകൾ, സ്റ്റീൽ മേശകൾ, പ്ലാസ്റ്റിക് കസേരകൾ, അലമാര, ലോക്കറുകൾ എന്നിവയാണ്‌ ഡോർമിറ്ററികളിൽ. 331 ചതുരശ്ര അടിയിലുള്ള റൂഫ്‌ ടോപ്പ്‌ പരിശീലനകേന്ദ്രമായും പരിപാടികൾ നടത്താനും ഉപയോഗിക്കാം. ഇവിടെ 200 പേരെ ഉൾക്കൊള്ളാനാകും

ഠനത്തിനും ഭക്ഷണത്തിനും പ്രത്യേകമുറി

334 ചതുരശ്ര അടിയിലുള്ള വായനമുറിയും ലൈബ്രറിയും ഹോസ്റ്റലിന്റെ പ്രധാന ആകർഷണമാകും. റീഡിങ്‌ ടേബിളുകളും കസേരകളും സജ്ജമാക്കിയിട്ടുണ്ട്‌. ഡൈനിങ്‌ ഏരിയയിൽ 20 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. മൂന്ന്‌ ഡൈനിങ്‌ ടേബിളുകളും കസേരകളുമുണ്ട്‌. അടുക്കളയും സ്റ്റോർ റൂമും സജ്ജമാണ്‌.

റിസപ്ഷൻ ഏരിയയിൽ കംപ്യൂട്ടർ നെറ്റ്‌വർക്ക് സിസ്റ്റം, പ്രിന്റർ, വൈഫൈ മോഡം, സിസി ടിവി, വാട്ടർ പ്യൂരിഫയർ, നെയിം ബോർഡ്‌–എൽഇഡി ബോർഡ് എന്നിവ സജ്ജമാക്കി. ലിഫ്റ്റും വാഹന പാർക്കിങ്‌ സൗകര്യവുമുണ്ട്‌. മേൽക്കൂരഭാഗം കമ്പിവേലികൊണ്ട് സുരക്ഷിതമാക്കി. മുൻവശത്ത് പുൽത്തകിടിയും ഒരുങ്ങുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *