Posted in

നഗരത്തിൽ ബോക്‌സ്‌ പാർക്കിങ്‌
നടപ്പാക്കണം: മന്ത്രി കെ ബി ഗണേഷ്‌ കുമാർ

കൊച്ചി: കൊച്ചി നഗരത്തിൽ ബോക്‌സ്‌ പാർക്കിങ്‌ നടപ്പാക്കണമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. മാർക്ക്‌ ചെയ്യുന്ന ബോക്‌സിനുപുറത്ത്‌ നിർത്തിയിട്ടാൽ പിഴ ഇ‍‍ൗടാക്കാം. ഫുട്‌പാത്തിലേക്കുവരെ വാഹനങ്ങൾ കയറ്റിയിടുന്നുവെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാർക്കിങ്ങിന്‌ അച്ചടക്കമുണ്ടാക്കുകയാണ്‌ ലക്ഷ്യമെന്നും ഗതാഗതമന്ത്രി പറഞ്ഞു. പാർക്കിങ്‌ ഏരിയ ബുക്ക്‌ ചെയ്‌ത്‌ വാഹനം പാർക്ക്‌ ചെയ്യുന്നതിനടക്കം സ‍ൗകര്യങ്ങളുള്ള സ്‌മാർട്ട്‌ പാർക്കിങ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം (പാർ കൊച്ചി) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മോട്ടോർ വാഹനവകുപ്പ്‌ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനിമുതൽ കോർപറേഷന്റെയോ സ്വകാര്യമായുള്ളതോ ആയ പാർക്കിങ്‌ സ്ഥലത്തായിരിക്കും നിർത്തിയിടുക. അവിടെക്കിടക്കുന്ന ദിവസത്തെ പാർക്കിങ്‌ ഫീസ്‌ പിഴയ്‌ക്കൊപ്പം വാഹന ഉടമ നൽകണം. എങ്കിലേ വാഹനം വിട്ടുനൽകുകയുള്ളൂ. ഇതുസംബന്ധിച്ച്‌ ഉത്തരവ്‌ ഉടനെയുണ്ടാകും.

നഗരത്തിൽ വാഹനത്തിരക്ക്‌ കൂടുന്നതിനാൽ ലിഫ്‌റ്റ്‌ പാർക്കിങ്‌ പോലെയുള്ള സംവിധാനങ്ങൾ നടപ്പാക്കണം. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റേഷൻ നിർമാണത്തിന്‌ ജനുവരിയിൽ ടെൻഡർ വിളിക്കും. തദ്ദേശതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ ഉടനെ പദ്ധതിക്ക്‌ സാങ്കേതിക അനുമതി ലഭിക്കും.

വാഹനം എങ്ങിനെ കൃത്യമായി പാർക്ക്‌ ചെയ്യണമെന്ന്‌ നമ്മുടെ ലൈസൻസിങ്‌ സംവിധാനത്തിൽ പഠിപ്പിക്കുന്നില്ല. ‘എച്ച്‌’ മാത്രം എടുക്കുന്നതിനുപകരം സൈഡ്‌, റിവേഴ്‌സ്‌ പാർക്കിങ്ങുള്ള പുതിയ മാതൃകയിലായിരിക്കും ഇനി ഡ്രൈവിങ്‌ ടെസ്‌റ്റ്‌ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മേയർ എം അനിൽകുമാർ അധ്യക്ഷനായി. എംപിമാരായ ഹൈബി ഇ‍ൗഡൻ, ഹാരീസ്‌ ബീരാൻ, ടി ജെ വിനോദ്‌ എംഎൽഎ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, സിഎസ്‌എംഎൽ സിഇഒ ഷാജി വി നായർ എന്നിവർ സംസാരിച്ചു.

പാർക്ക്‌ ചെയ്യാം
അനായാസമായി

കൊച്ചി കോർപറേഷൻ, ജിസിഡിഎ, കൊച്ചി മെട്രോ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സഹകരണത്തോടെ സിഎസ്‌എംഎല്ലും കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്‌ അതോറ്റിയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 4.81 കോടിയാണ്‌ സിഎസ്‌എംഎൽ ഇതിനായി ചെലവിട്ടത്‌. പദ്ധതിവഴി നഗരത്തിലെ ഗതാഗതസംവിധാനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാകും. വാഹനങ്ങൾ അനായാസമായി പാർക്ക്‌ ചെയ്യാനാകും.

പാർ കൊച്ചി മൊബെൽ ആപ് വഴിയാണ്‌ പാർക്കിങ്‌ സ്ഥലം ബുക്ക്‌ ചെയ്യുന്നത്‌. തെരഞ്ഞെടുത്ത സ്ഥലത്ത്‌ പാർക്ക്‌ ചെയ്യാനുള്ള ഇടങ്ങളുടെ എണ്ണം ഉൾപ്പെടെ അറിയാനാകും. വാഹനം പാർക്ക്‌ ചെയ്യുന്ന സ്ഥലം, കാറിന്റെ നന്പർ, സമയം എന്നിവ നൽകി ബുക്ക്‌ ചെയ്യാം. ഒപ്പം പണവും അടയ്‌ക്കാം. അധികം വൈകാതെ ആപ്‌ ലഭ്യമാക്കും

മൂന്ന് പദ്ധതികൾക്ക് തുടക്കം

കൊച്ചി നഗരസൗന്ദര്യവൽക്കരണം ഉൾപ്പെടെയുള്ള മൂന്ന് പദ്ധതികൾക്ക് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ തുടക്കംകുറിച്ചു. ഹൈക്കോടതി ജങ്‌ഷൻമുതൽ ദർബാർ ഹാൾ ഗ്രൗണ്ടുവരെയുള്ള റോഡ് സൗന്ദര്യവൽക്കരണ പദ്ധതി, നവീകരിച്ച ക്യൂൻസ് വാക് വേ ഉദ്ഘാടനവും മംഗളവനംമുതൽ ദർബാർ ഹാൾ ഗ്രൗണ്ടുവരെയുള്ള ഭാഗം സൈലന്റ്‌ സോണായുള്ള പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.

മേയർ എം അനിൽകുമാർ, ടി ജെ വിനോദ്‌ എംഎൽഎ, ഹൈബി ഈഡൻ എംപി, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, മെട്രോപോളിറ്റൻ കമ്മിറ്റി ചെയർമാൻ ബെനഡിക്ട്‌ ഫെർണാണ്ടസ്, ഐജി എ അക്ബർ, കമീഷണർ പുട്ട വിമലാദിത്യ, കോർപറേഷൻ സെക്രട്ടറി പി എസ് ഷിബു എന്നിവർ സംസാരിച്ചു.

മതിലിൽ വിടരും
പൂക്കൾ

​നഗരസൗന്ദര്യവൽക്കരണ പദ്ധതിയിൽ നടപ്പാതകളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ സ്ഥിരംസംവിധാനം ഏര്‍പ്പെടുത്തും. സമീപത്തെ സ്ഥാപനങ്ങളുടെ ചുറ്റുമതിലുകളിലും മീഡിയനുകളിലും ഉൾപ്പെടെ പൂച്ചെടികള്‍ നട്ടുവളര്‍ത്തി സുന്ദരമാക്കും.

ഷണ്മുഖം റോഡിലെ വിവിധ സ്ഥാപനങ്ങളുടെ ചുറ്റുമതിലില്‍ ചെടികൾ നട്ടുവളര്‍ത്തുന്നതിൽ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി പദ്ധതി തയ്യാറാക്കി. പൂച്ചെടികളുടെ തുടര്‍പരിപാലനം അതത് സ്ഥാപനങ്ങള്‍ ഏറ്റെടുക്കും. റോട്ടറി ക്ലബ്, വൈഎംസിഎ, ലയണ്‍സ് ക്ലബ് തുടങ്ങിയ സന്നദ്ധസംഘടനകളും സഹകരിക്കും. ചപ്പുചവറില്ലാത്ത മനോഹര പാതകളുള്ള നഗരമായി മാറും. സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ മാതൃകയാണ്‌ ഇവിടെയും നടപ്പാക്കുന്നത്‌.

അതിസുന്ദരം
ക്യൂൻസ്‌ വാക്‌വേ

​കൊച്ചിയുടെ സായാഹ്നങ്ങൾ കൂടുതൽ മനോഹരമാക്കാൻ, ചാത്യാത്ത് റോഡിലുള്ള ക്യൂൻസ് വാക്‌വേ നവീകരിച്ചു. ഗ്രാനൈറ്റ് പാകിയ പുതിയ നടപ്പാതകളും സൈക്കിൾ ട്രാക്കും പൂന്തോട്ടങ്ങളും ഒരുക്കി. എൽഇഡി വിളക്കുകളും സ്ഥാപിച്ചു.

ഹോൺ മുഴക്കേണ്ട,
ഇത്‌ സൈലന്റ്‌ സോൺ

മംഗളവനംമുതൽ ദർബാർ ഹാൾ ഗ്രൗണ്ടുവരെ സൈലന്റ്‌ സോണായി പ്രഖ്യാപിച്ചു. എബ്രഹാം മാടമാക്കൽ റോഡുമുതൽ ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ് ഉൾപ്പെടെ ദർബാർ ഹാൾ ഗ്രൗണ്ടുവരെയാണിത്‌. മംഗളവനം, ഹൈക്കോടതി, ബിഷപ് ഹൗസ്, സർക്കാർ ഗസ്റ്റ് ഹൗസ്, സെന്റ്‌ തെരേസാസ് കോളേജ്, സുഭാഷ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ലോ കോളേജ്, മഹാരാജാസ് കോളേജ്, ജനറൽ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗമാണിത്‌. ആദ്യഘട്ടത്തിൽ നോ ഹോൺ ബോർഡുകൾ സ്ഥാപിക്കും. പിന്നീട് ജനങ്ങൾക്ക് പരിശീലനവും ബോധവൽക്കരണവും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *