കൊച്ചി; വില്ലിങ്‌ഡൺ ഐലൻഡിനെ ക്രൂയിസ് ഹബ്ബാക്കി മാറ്റാനുള്ള 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ റിപ്പോർട്ട് (ഡിപിആർ) മൂന്നുമാസത്തിനകം തയ്യാറാകുമെന്ന് കൊച്ചി തുറമുഖട്രസ്‌റ്റ് അധികൃതർ അറിയിച്ചു. ടൂറിസം വികസനത്തിന് കുതിപ്പേകുംവിധം വില്ലിങ്‌ഡൺ ഐലൻഡിൽ വന്പൻ നിക്ഷേപത്തിന് വഴിതുറക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം കഴിഞ്ഞദിവസം മുംബൈയിൽ സമാപിച്ച മാരിടൈം വീക്കിന്റെ ഭാഗമായി ഒപ്പിട്ടിരുന്നു. കൊച്ചി ആസ്ഥാനമായ ഗ്രീനിക്‌സ് എക്‌സ്‌പീരിയൻസസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് ധാരണപത്രം ഒപ്പിട്ടത്. ഇതോടൊപ്പം വില്ലിങ്ടങ്‌ഡൺ ഐലൻഡിലെ ഭൂമി മെച്ചപ്പെട്ടരീതിയിൽ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാസ്‌റ്റർ പ്ലാനും തുറമുഖ ട്രസ്‌റ്റ് തയ്യാറാക്കുന്നുണ്ട്. ഒരു മാസത്തിനകം അത് പൂർത്തിയാകും. ഗ്രീനിക്‌സുമായി ഒപ്പിട്ട ധാരണപത്രപ്രകാരം, വിനോദസഞ്ചാര കപ്പലുകൾക്കുള്ള മെഗാ ടെർമിനലും അനുബന്ധസൗകര്യങ്ങളും ഐലൻഡിൽ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐലൻഡിലെ എറണാകുളം വാർഫിനോടുചേർന്നുള്ള ക്രൂയിസ് ടെർമിനലിന് സമീപത്തെ 20 ഏക്കറിലാണ് പുതിയ മെഗാ ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുക. ടൂറിസ്‌റ്റുകൾക്കാവശ്യമായ സൗകര്യങ്ങളായ ഹോട്ടലുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവയും ഉയരും. മെഗാ ക്രൂയിസ് ടെർമിനലോ ലോകോത്തര അനുബന്ധ സൗകര്യങ്ങളോ രാജ്യത്തെവിടെയും ഇപ്പോഴില്ല. വിദേശസഞ്ചാരികൾ നിശ്ചിതസമയത്തേക്ക് മാത്രമാണ് ഒരോയിടത്തും തങ്ങുക. അതിനുള്ളിൽ പ്രധാന നഗരകേന്ദ്രങ്ങളിലേക്ക് അവർക്ക് എത്തിപ്പെടാനാകാറില്ല. ക്രൂയിസ് ടെർമിനലിന് അനുബന്ധമായിത്തന്നെ അത്തരം സൗകര്യങ്ങളൊരുക്കിയാൽ പരിമതി മറികടക്കാനാകും. വിനോദസഞ്ചാര മേഖലയിൽ കൊച്ചിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും രാജ്യത്തെ ആദ്യ ക്രൂയിസ് ഹബ്ബാകാനും ഇതു വഴിവയ്‌ക്കുമെന്നും കണക്കാക്കുന്നു. അലക്‌സാണ്ടർ പറന്പിത്തറ പാലത്തിനുസമീപം തുറമുഖട്രസ്‌റ്റ് ആസൂത്രണം ചെയ്യുന്ന വന്പൻ ഹോസ്‌പിറ്റാലിറ്റി പദ്ധതിയും ക്രൂയിസ് ഹബ്ബിന് കുതിപ്പുപകരും. പദ്ധതിയുടെ ഡിപിആർ തയ്യാറായാലുടൻ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികളിലേക്ക് കടക്കും. വല്ലാർപാടം ടെർമിനലിലേക്ക് തുറമുഖ പ്രവർത്തനങ്ങൾ മാറിയതോടെ കൊച്ചി തുറമുഖത്തിന്റെ പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് ഭൂമി വിനിയോഗത്തിനുള്ള മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
ഐലൻഡിൽ വരുന്നു മെഗാ ക്രൂയിസ് ടെർമിനൽ ; ഭൂവിനിയോഗ മാസ്‌റ്റർ പ്ലാൻ ഒരുമാസത്തിനകം
