Posted in

സമൃദ്ധി@കൊച്ചി; രണ്ടാമത്തെ ഹോട്ടൽ ഉദ്‌ഘാടനം ഇന്ന്

കൊച്ചി: കൊച്ചി കോർപറേഷൻ നേതൃത്വത്തിലുള്ള രണ്ടാമത്തെ സമൃദ്ധി ഹോട്ടൽ ഫോർട്ട് കൊച്ചി റോ റോ ജെട്ടിയോടുചേർന്നുള്ള കെട്ടിടത്തിൽ ഇന്ന് വൈകിട്ട് 6.30 ന് മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നഗരത്തിൽ നോർത്ത് പരമാര റോഡിൽ ആരംഭിച്ച സമൃദ്ധി@കൊച്ചി രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് മിതമായ വിലയ്ക്ക് മികച്ച ഭക്ഷണം നൽകുന്ന മാതൃകാസംരംഭം ഫോർട്ട് കൊച്ചിയിൽ ആരംഭിക്കുന്നത്. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്നതിനൊപ്പം ആഭ്യന്തര, വിദേശ സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാകും പ്രവർത്തനം. 20 രൂപയ്ക്കുള്ള സമൃദ്ധി ഊണ് ഇവിടെ നൽകും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റുവിഭവങ്ങളും ലഭ്യമാക്കും.

പരമാര റോഡിലെ സമൃദ്ധിയിൽ തയ്യാറാക്കുന്ന ഭക്ഷണം ഫോർട്ട് കൊച്ചിയിൽ എത്തിച്ച് വിതരണം ചെയ്യാനാണ് നിലവിൽ ഉദ്ദേശിക്കുന്നത്. പിന്നീട് ഫോർട്ട് കൊച്ചിയിൽത്തന്നെ പാചകം ആരംഭിക്കും. ജീവനക്കാർക്ക് പരിശീലനം പൂർത്തിയാക്കി.

കാണാം കാഴ്‌ചകൾ, ആസ്വദിച്ച് കഴിക്കാം പൈതൃകനഗരവും പ്രധാന വിനോദസഞ്ചാരകേന്ദ്രവും സംസ്ക്‌കാരങ്ങളുടെ സംഗമഭൂമിയുമാണ് ഫോർട്ട് കൊച്ചി. നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്. ഇതുകൂടി കണക്കിലെടുത്താണ് സമൃദ്ധി ഇവിടെ തുടങ്ങുന്നത്. കായൽകാഴ്ചകളും ചീനവലകളും വൈപ്പിൻ ദ്വീപിന്റെ വിദൂരദൃശ്യങ്ങളുമെല്ലാം ആസ്വദിച്ച് ഭക്ഷണം കഴിക്കാമെന്നതാണ് പ്രധാന ആകർഷണം.

മുകളിൽ പ്രീമിയം ഫുഡ്‌കോർട്ട് പ്രീമിയം ഫുഡ്‌കോർട്ട് അടങ്ങുന്ന സമൃദ്ധിയാണ് ഫോർട്ട് കൊച്ചിയിൽ. മുകൾനിലയിലാണിത്. പ്രധാനമായും വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുക. എന്നാൽ, എല്ലാവർക്കും പ്രവേശനമുണ്ടാകും. സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള വിഭവങ്ങൾ ഇവിടെ വിളന്‌പും. ഭക്ഷണവിലയിൽ വ്യത്യാസമുണ്ടാകും.

അന്നമൂട്ടി, ലക്ഷങ്ങളുടെ വിശപ്പകറ്റി വിലക്കുറവ്, രുചി, മികച്ച ഗുണനിലവാരം, വൃത്തി എന്നിവയാണ് സമൃദ്ധിയുടെ മേന്മ. നോർത്ത് പരാമര റോഡിലെ ആദ്യ സമൃദ്ധി 31 ലക്ഷത്തിലധികം ഊണ് നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്നു. 14 പേരുമായി ആരംഭിച്ച സംരംഭത്തിൽ ഇന്ന് ജോലി ചെയ്യുന്ന 206 പേർ. 200 ഇരിപ്പിടമുള്ള കുടുംബശ്രീയുടെ കേരളത്തിലെ ഏറ്റവുംവലിയ ഹോട്ടലുമിതാണ്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയതാണ് അടുക്കള. ആദ്യമായി സെൽഫ് ബില്ലിങ് സംവിധാനം നടപ്പാക്കിയ കുടുംബശ്രീ ഹോട്ടലും ഇതാണ്.

ജനശതാബ്ദി, പരശുറാം, ഇൻ്റർസിറ്റി, വേണാട് ട്രെയിനുകളിൽ സമൃദ്ധി ഭക്ഷണം വിതരണം ചെയ്യുന്നു. ഐആർസിടിസി -ഇ കാറ്ററിങ് വഴി ഓൺലൈനായി ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ഒരുക്കി. ജിസിഡിഎയിലും കൊച്ചി കപ്പൽശാലയിലും സമൃദ്ധി കാൻ്റിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *