കൊച്ചി
വൈക്കത്ത് മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ആറംഗ സംഘം പിടിയിൽ. മോഷ്ടിച്ച ഫോണുകൾ എറണാകുളത്ത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുയുവാക്കൾ സെൻട്രൽ പൊലീസിന്റെ അറസ്റ്റിലായത്. രണ്ട് പേരെ വൈക്കം പൊലീസും പിടികൂടി. വൈക്കം തോട്ടകം പടിഞ്ഞാറേപീടികത്തറ വീട്ടില്‍ ആദിശേഷന്‍ (21), തോട്ടകം ഇണ്ടാംതുരുത്തില്‍ ആദര്‍ശ് അഭിലാഷ് (18), കടുത്തുരുത്തി പുഴയ്ക്കല്‍ മാനാര്‍ ജോസ് നിവാസില്‍ മാര്‍ക്കോസ് (20), ചേര്‍ത്തല പള്ളിപ്പുറം ഭഗവതിവെളിയില്‍ തമ്പുരാന്‍ സേതു (18) എന്നിവരെയാണ് വ്യാഴം വൈകിട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട രണ്ട് യുവാക്കളെ വൈക്കം പൊലീസ് അറസ്‌റ്റ് ചെയ്തു. ചേർത്തല കുരിശിങ്കൽ വർഗീസ് പോൾ (20), മണപ്പുറം ചെട്ടികാട്ട് വെളി ശിവത് (18) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ശിവതിനെ മുളന്തുരുത്തിയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞദിവസം വൈക്കം കച്ചേരിക്കവലയിലെ എജെ മൊബൈല്‍ ഷോപ്പില്‍നിന്നാണ് ആറംഗ സംഘം 17 ഫോൺ കവര്‍ന്നത്. ഇവ വില്‍ക്കാനായാണ് വ്യാഴം വൈകിട്ട് എറണാകുളം പെന്റാ മേനകയിലെ മൊബൈല്‍ഷോപ്പിലെത്തിയത്. സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടുപേർ ഓടിരക്ഷപ്പെട്ടത്. ഫോണുകള്‍ക്ക് അഞ്ചുലക്ഷത്തോളം രൂപ വിലവരും. മോഷ്ടിച്ച ഫോണുകളില്‍ നാലെണ്ണം പൊലീസ് കണ്ടെടുത്തു. സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയി, എസ്‌ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
