ചേരാനല്ലൂർ : കൊച്ചി നഗര സഭയോട് ചേർന്ന് നഗരസ്വഭാവമുള്ള പഞ്ചായത്താണ് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്. വർഷങ്ങളായി മാലിന്യ പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവരാണ് പ്രദേശവാസികൾ. ആശുപത്രികളും ഗോഡൗണുകളും റോഡുകളും എല്ലാം ഏറെ ഉള്ളതുകൊണ്ട് തന്നെ വന്നു പോകുന്നവരും മാലിന്യം നിക്ഷേപിക്കുന്നത് വെല്ലുവിളിയായി നിന്നിരുന്നു. മാലിന്യം നിറഞ്ഞിരുന്ന ഈ പ്രദേശത്ത് കൃത്യമായ പദ്ധതികളോടെ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി 80 ശതമാനത്തോളം മാലിന്യ മുക്തമാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞു.
കുടിവെള്ള ക്ഷാമമായിരുന്നു പഞ്ചായത്ത് നേരിട്ടിരുന്ന മറ്റൊരു വലിയ വെല്ലുവിളി. ടി. ജെ വിനോദ് എം.എൽ.എ യുടെ ശ്രമഫലമായി 21 കോടി രൂപ മുടക്കി തമ്മനം – ആലുവ പൈപ്പ് ഹൗസിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ നിന്ന് ചേരാനല്ലൂർക്ക് പ്രത്യേകമായി പൈപ്പ് ലൈൻ സ്ഥാപിച്ച് 10 ഓളം വാർഡുകളിൽ അമൃത് കുടിവെള്ള പദ്ധതി നടപ്പിലാക്കി. കൂടാതെ 6 ഓളം വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ ചിറ്റൂർ കുടിവെള്ള ടാങ്കിന് അന്തിമ അനുമതിയായി. ഈ പദ്ധതി കൂടി നിലവിൽ വരുന്നതോടെ കുടിവെള്ളക്ഷാമം സമ്പൂർണമായി പരിഹരിക്കാൻ സാധിക്കും.
സമ്പൂർണ്ണ വഴിവിളക്കുള്ള പഞ്ചായത്താണ് ചേരാനല്ലൂർ. കൂടാതെ നിരവധി റോഡ് പദ്ധതികൾ നടപ്പിലാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. സൗജന്യ ഡയാലിസിസ് കേന്ദ്രം ആദ്യമായി പഞ്ചായത്തിൽ സ്ഥാപിച്ചു. നിലവിൽ 1000 ൽ അധികം ഡയാലിസിസുകൾ പൂർത്തീകരിച്ചു. പ്രദേശവാസികൾക്കായി ആയുർവേദ ആശുപത്രി സ്ഥാപിക്കുകയും കുടുംബാരോഗ്യകേന്ദ്രം രണ്ട് നിലകളിലായി നിർമിക്കുകയും ചെയ്തു.
ഭവനരഹിതരായ 6 എസ്.സി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ചു നൽകി. അതിന്റെ താക്കോൽ ദാനം കഴിഞ്ഞ ഓണത്തിന് നിർവഹിച്ചു. ബ്ലോക്കിൽ ആദ്യമായി പകൽ വീട് ആരംഭിക്കുകയും 75 വയസ്സ് കഴിഞ്ഞ ഓരോ വാർഡിലെയും ഇരുപത് പേർക്ക് വീതം ഒന്നിടവിട്ട മാസങ്ങളിൽ പോഷകാഹാര കിറ്റ് നൽകി വരുകയും ചെയ്യുന്നു.
മൂന്ന് നിലകളിലായി പണി കഴിപ്പിച്ച എ സി കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്‌ഘാടനം ഈ മാസം 26 ന് നടക്കും. ചേരാനല്ലൂർ ഗവണ്മെന്റ് എൽ.പി സ്‌കൂളിനും ചിറ്റൂർ എൽ.പി സ്‌കൂളിനും എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചു.
വിദ്യാഭ്യാസ മേഖലയിലും മൽസ്യബന്ധന മേഖലയിലും കാർഷിക മേഖലയിലും എല്ലാം മികച്ച പ്രവർത്തനങ്ങൾ നടത്തികൊണ്ട് വീണ്ടും ഒരു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് നിലവിലെ ഭരണസമിതി. തങ്ങളുടെ സുതാര്യമായ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ അധികാരത്തിൽ തുടരും എന്ന ആത്മവിശ്വാസത്തിലാണ് ജനപ്രതിനിധികൾ.
