കൊച്ചി: രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ടയര്‍ സുരക്ഷാ ബോധവല്‍ക്കരണ സംരംഭത്തിന്റെ ഭാഗമായി, ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ( ആത്മ) എറണാകുളം പ്രസ് ക്ലബ്ബുമായി കൈകോര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. വാഹനങ്ങളുടെ ടയര്‍ പരിചരണത്തിന്റെ പ്രാധാന്യവും അനുബന്ധ അറ്റകുറ്റപ്പണികഴെയും സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരെ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. റോഡ് സേഫ്റ്റിയുടെ സന്ദേശം മുന്‍നിര്‍ത്തി എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച് മീഡിയ ഫുട്‌ബോള്‍ ലീഗിന്റെ വേദിയായ പനമ്പള്ളിനഗര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനത്തുവച്ചാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, വാഹനമോടിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 20,000-ത്തിലധികം വ്യക്തികളിലേക്ക് ബോധവത്കരണവുമായി ആത്മ എത്തിയിരുന്നു. ടയറുകള്‍ ഒരു വാഹനത്തിനും റോഡിനും ഇടയിലുള്ള ഒരേയൊരു സമ്പര്‍ക്ക പോയിന്റായതിനാല്‍, ടയര്‍ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ആത്മ ഇന്ത്യന്‍ ടയര്‍ ടെക്‌നിക്കല്‍ അഡൈ്വസറി കമ്മറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ വിനയ് വിജയ്‌വര്‍ഗ്യ പറഞ്ഞു. ടയര്‍ യഥാസമയത്ത് കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ലെങ്കില്‍ റോഡ് അപകടത്തിന് കാരണമാകും. ടയര്‍ പരിചരണത്തിന് പലപ്പോഴും അര്‍ഹമായ ശ്രദ്ധ ലഭിക്കാറില്ല. വാഹനത്തിന്റെ മുഴുവന്‍ ഭാരവും വഹിക്കുകയും ഫലപ്രദമായ ഗ്രിപ്പും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതിനാല്‍, ശരിയായി പരിപാലിക്കുന്ന ടയറുകള്‍ റോഡ് സുരക്ഷയ്ക്ക് നിര്‍ണായകമാണെന്നും അദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി ഷജില്‍ കുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ടയര്‍ സംരക്ഷണ ബോധവത്കരണവുമായി ആത്മ
