കൊച്ചി: മറൈൻഡ്രൈവ് ഗ്രൗണ്ടിൽ 26-ന് നടക്കുന്ന കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ 2025ന്റെ പത്താംപതിപ്പിനായുള്ള ടീ-ഷർട്ടും ഫിനിഷർ മെഡലും മേയർ എം അനിൽകുമാർ പുറത്തിറക്കി. നഗരസഭ, പൊലീസ്, സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഫുൾ മാരത്തൺ (42.2 കിലോമീറ്റർ), ഹാഫ് മാരത്തൺ (21.1 കിലോമീറ്റർ), ഫൺ റൺ (5 കിലോമീറ്റർ) എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും.
മറൈൻഡ്രൈവ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് ക്വീൻസ് വേ, ഫോർഷോർ റോഡ്, തേവര, രവിപുരം, നേവൽബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്‌ടൺ ഐലൻഡ് എന്നിവിടങ്ങളിലൂടെ തിരിച്ചെത്തും. ഫുൾ മാരത്തൺ പുലർച്ചെ 3.30നും ഹാഫ് മാരത്തൺ 4.30നും ഫൺ റൺ ആറിനും ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് ആവശ്യമായ വെള്ളവും എനർജി ഡ്രിങ്കുകളും വിതരണം ചെയ്യുന്ന ഹൈഡ്രേഷൻ സ്റ്റേഷനുകൾ മുഴുവൻ റൂട്ടിലുമുണ്ടാകും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി 150-ലധികം ജീവനക്കാരുടെ സഹായത്തോടെ മെഡിക്കൽ സേവനങ്ങൾ ഒരുക്കുന്നു. കൂടാതെ സൈക്കിൾ വളന്റിയർമാരും ഗ്രൗണ്ട് ഹെൽപ്പർമാരും കോഴ്‌സിലുടനീളം പിന്തുണ നൽകും. “ഓട്ടക്കാരുടെ മാരത്തൺ, ഓട്ടക്കാർക്കായി’ എന്ന ആശയവുമായി മുന്നേറുന്ന ഈ പതിപ്പിൽ റെക്കോഡ് രജിസ്‌ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത്. പരിസ്ഥിതിസൗഹൃദ രീതിയിൽ, പ്ലാസ്റ്റിക് ഒഴിവാക്കി തുണിബാനറുകൾമാത്രമേ ഉപയോഗിക്കൂ. എല്ലാ ഫിനിഷർമാർക്കും മെഡലും ലഘുഭക്ഷണവും നൽകും.

